Kerala
പാണ്ടിക്കാട് മദ്യലഹരിയില്‍ കാറോടിച്ച സിവില്‍ പോലീസ് ഓഫീസര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതായി പരാതി; കസ്റ്റഡിയില്‍
പോലീസ് ഓഫീസര്‍ മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു
മലപ്പുറം|മലപ്പുറം പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതായി പരാതി. സംഭവത്തില്‍ പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രജീഷ് സഞ്ചരിച്ച കാര്‍ ആദ്യം ഒരു സ്‌കൂട്ടറിലാണ് ഇടിച്ചത്. തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് മറിഞ്ഞുവീണു. എന്നാല്‍ കാര്‍ നിര്‍ത്താതെ രജീഷ് കരുവാരക്കുണ്ട് ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചുപോയി. തുടര്‍ന്ന് തൊട്ടടുത്തുള്ള ഒരു കാറിലും പിന്നീട് ബൈക്കിലുമിടിച്ചാണ് വാഹനം നിന്നത്.
പോലീസ് ഓഫീസര്‍ മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതോടെ പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടി കാര്‍ തടയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകള്‍ എത്ര ഗുരുതരമാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം അപകടമുണ്ടാക്കിയത് താനല്ല എന്ന് രജീഷ് പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ രജീഷിനെ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് പാണ്ടിക്കാട് സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് രജീഷിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. രജീഷിനെ വിശദമായ വൈദ്യപരിശോധനകള്‍ക്കുശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.





