Ongoing News
സതീശാ... ചുണയുണ്ടെങ്കില്‍ തെളിവ് കോടതിയില്‍ ഹാജരാക്ക്; വെല്ലുവിളിച്ച് കടകംപള്ളി
നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി ഡി സതീശന്‍ വീണ്ടും തെളിയിക്കുകയാണ്.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ വി ഡി സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രന്‍. ചുണയുണ്ടെങ്കില്‍ തന്റെ കൈയില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ സതീശന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി ഡി സതീശന്‍ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകള്‍ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രന്‍ േപോസ്റ്റിലൂടെ വെല്ലുവിളിച്ചു.
സ്വര്‍ണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നായിരുന്നു സതീശന്റെ ആരോപണം
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വി.ഡി. സതീശനെതിരെ ഞാന്‍ ഫയല്‍ ചെയ്തിരിക്കുന്ന മാനനഷ്ട ഹര്‍ജിയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയില്‍ എന്താണ് നടന്നത് എന്നുമുള്ള എന്റെ വക്കീലിന്റെ പ്രസ്താവന ഞാന്‍ ഫേസ്ബുക്കില്‍ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങള്‍ കമന്റില്‍ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവര്‍ത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റില്‍ ഒരു വ്യാജ വാര്‍ത്ത വരുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം അതിന്റെ സോഴ്‌സ് ഒന്നായിരിക്കും എന്ന്. ആ സോഴ്‌സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരന്‍ ആണ് നിങ്ങള്‍ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവര്‍ത്തിക്കാന്‍ ഉള്ളതാണ്. താന്‍ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങള്‍ ആയില്ലേ. ചുണയുണ്ടെങ്കില്‍ താന്‍ തന്റെ കൈയില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ നാളെ കോടതിയില്‍ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..




