Connect with us

Articles

ഇനിയും വായിക്കപ്പെടാത്ത കുടിയേറ്റത്തിന്റെ മറുപുറങ്ങൾ

മൂന്നും നാലും പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികളില്‍ 60 ശതമാനത്തിലധികം പേരും വലിയ രോഗങ്ങള്‍ക്ക് അടിപ്പെട്ടവരും വരുമാനമാര്‍ഗമില്ലാത്തവരുമാണ്. നാട്ടിലെത്തിയാല്‍ കുടുംബത്തെ പോറ്റാന്‍ മറ്റൊരു ജോലിക്കും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണവര്‍. ചികിത്സക്ക് ആവശ്യമായി വരുന്ന ഭീമമായ തുക താങ്ങാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. നമ്മുടെ നാട്ടിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ചൂഷണത്തിന്റെ വന്‍ മാര്‍ക്കറ്റുകളായി മാറുമ്പോള്‍, പ്രവാസിയുടെ കൈയില്‍ സമാശ്വാസമായി നല്‍കാന്‍ ഒരു ആരോഗ്യ ചികിത്സാ പാക്കേജ് കാര്‍ഡ് പോലും സര്‍ക്കാറുകള്‍ക്ക് ആസൂത്രണം ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് ദുഃഖകരമാണ്.

Published

|

Last Updated

1960കളുടെ രണ്ടാം പകുതിയില്‍ യു എ ഇ തീരങ്ങളായ ഖോര്‍ഫുഖാന്‍ വഴി ലോഞ്ചുകളിലും കപ്പലുകളിലുമായി ആരംഭിച്ച ഗള്‍ഫ് കുടിയേറ്റം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. എണ്ണവില വര്‍ധന ഗള്‍ഫ് രാജ്യങ്ങളെ സമ്പന്നമാക്കിയപ്പോള്‍, നിര്‍മാണ മേഖലയിലുണ്ടായ കുതിച്ചുചാട്ടം കേരളത്തിലുള്ളവരെയും മരുഭൂമിയിലേക്ക് ആകര്‍ഷിച്ചു. ഇന്ന് രണ്ട് ദശലക്ഷത്തിലധികം മലയാളികള്‍ വിദേശത്തുണ്ട്. എന്നാല്‍, ഈ വലിയ കുടിയേറ്റത്തിന്റെ മറുപുറം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
ചൂഷണവലയത്തിനുള്ളിലാണ്
പ്രവാസി
വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമാണ് ഗള്‍ഫ് ജീവിതം സുരക്ഷിതമാക്കിയത്. ഇന്നത്തെ 90 ശതമാനം പ്രവാസികളും ആരോഗ്യ സുരക്ഷാ പദ്ധതികളോ ഏകീകരിച്ച തൊഴില്‍ കരാറുകളോ വേതന സംരക്ഷണമോ ഇല്ലാതെ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. മറ്റ് രാജ്യക്കാരേക്കാള്‍ കൂടുതല്‍ തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതും ഇന്ത്യന്‍ തൊഴിലാളികളാണ്. സ്വന്തം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം താങ്ങിനിര്‍ത്തുന്ന ഈ ജനത, പലര്‍ക്കും ഒരു കയറ്റുമതി ചരക്ക് മാത്രമായി ചുരുങ്ങുന്നു. സ്വന്തം കുടുംബാംഗങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതാക്കളും കച്ചവടക്കാരും വരെ ലാഭം കൊയ്യുന്ന ഒരു വലിയ ചൂഷണ വലയത്തിനുള്ളിലാണ് പ്രവാസി. നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനൊന്നും ഫണ്ട് സോഴ്‌സിനും വോട്ട് ബേങ്കിനും അപ്പുറം ഈ ജനതയെക്കുറിച്ച് ചിന്തകളില്ല. ഗള്‍ഫുകാരുടെ അത്തറിന്റെ സുഗന്ധത്തെക്കുറിച്ച് മാത്രമാണ് സമൂഹം സംസാരിക്കുന്നത്. ചുട്ടുപൊള്ളുന്ന മണലില്‍ അവര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ മൂല്യത്തെക്കുറിച്ച് ആരും ഓര്‍ക്കുന്നില്ല. കേരളത്തിന്റെ തൊഴില്‍ വിപണി അതിഥി തൊഴിലാളികള്‍ കീഴടക്കുമ്പോള്‍, കേരളത്തെ അവരുടെ “ഗള്‍ഫായി’ കാണുമ്പോള്‍, നമ്മുടെ “മലയാളികള്‍’ മരുഭൂമിയില്‍ രാപ്പകല്‍ കഷ്ടപ്പെടുന്നത് അധികമാരും ചര്‍ച്ച ചെയ്യാതെ പോകുന്നു.
മടങ്ങി വരുന്നവരുടെ ദുരിതം; ആരോഗ്യ പാക്കേജ് അനിവാര്യം
മൂന്നും നാലും പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികളില്‍ 60 ശതമാനത്തിലധികം പേരും വലിയ രോഗങ്ങള്‍ക്ക് അടിപ്പെട്ടവരും വരുമാനമാര്‍ഗമില്ലാത്തവരുമാണ്. നാട്ടിലെത്തിയാല്‍ കുടുംബത്തെ പോറ്റാന്‍ മറ്റൊരു ജോലിക്കും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണവര്‍. ചികിത്സക്ക് ആവശ്യമായി വരുന്ന ഭീമമായ തുക താങ്ങാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. നമ്മുടെ നാട്ടിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ചൂഷണത്തിന്റെ വന്‍ മാര്‍ക്കറ്റുകളായി മാറുമ്പോള്‍, പ്രവാസിയുടെ കൈയില്‍ സമാശ്വാസമായി നല്‍കാന്‍ ഒരു ആരോഗ്യ ചികിത്സാ പാക്കേജ് കാര്‍ഡ് പോലും സര്‍ക്കാറുകള്‍ക്ക് ആസൂത്രണം ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് ദുഃഖകരമാണ്. പ്രവാസിയുടെ വിയര്‍പ്പില്‍ രാജ്യത്തിന്റെ അഷ്ടദിക്കുകളിലും പടുത്തുയര്‍ത്തപ്പെട്ട ചെറുതും വലുതുമായ സ്ഥാപനങ്ങളും കലാലയങ്ങളും ഭരണസിരാ കേന്ദ്രങ്ങളും നമുക്ക് കാണാം. എന്നിട്ടും, ആകുലതകളോടെ തിരിച്ചു വരുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഒരു ചികിത്സാ പാക്കേജിനെക്കുറിച്ചോ ആരോഗ്യ കേന്ദ്രത്തെക്കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ പോലും ഉണ്ടാകുന്നില്ല. ഒരു നിശ്ചിത തുകക്കുള്ള ആരോഗ്യ പാക്കേജ് കാര്‍ഡെങ്കിലും തിരികെ വരുന്ന പ്രവാസികള്‍ക്ക് നല്‍കാനുള്ള സാധ്യതകള്‍ക്ക് ഇനിയെങ്കിലും തുടക്കമിടേണ്ടതുണ്ട്.
ചുവന്ന പരവതാനിയും
രണ്ട് തരം നീതിയും
കോര്‍പറേറ്റ് വ്യവസായികളെയും ഗള്‍ഫ് സമ്പന്നരെയും ആദരിക്കാനും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും “പ്രവാസി ദിവസ്’ പോലുള്ള മാമാങ്കങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, സാധാരണ പ്രവാസികള്‍ ആ വേദികളില്‍ അധികം ഉണ്ടാകാറില്ല. ചുവന്ന പരവതാനി വിരിച്ച് ആദരിക്കപ്പെടുന്ന സമ്പന്നര്‍ക്ക് നികുതിയിളവുകളും നിയമപരിരക്ഷയും നല്‍കുമ്പോള്‍, താഴ്ന്ന വരുമാനക്കാര്‍ അയക്കുന്ന ചെറിയ തുകകള്‍ക്ക് പോലും വന്‍ സര്‍ചാര്‍ജ് ഈടാക്കുന്നത് രാജ്യത്തെ പൗരന്മാരോടുള്ള രണ്ട് തരം നീതിയാണ് വെളിപ്പെടുത്തുന്നത്. അതിജീവനത്തിന് വേണ്ടി നാട് വിട്ടവര്‍ വരച്ചിട്ട പ്രവാസ ജീവിത ചരിത്രം ഇനിയും വായിക്കപ്പെടാതെ പോയാല്‍, കര്‍ഷക ആത്മഹത്യകള്‍ പോലെ പ്രവാസി ആത്മഹത്യകളും നാം കേള്‍ക്കേണ്ടി വരും. പ്രവാസിയുടെ അങ്ങാടി നിലവാരം തറയില്‍ എത്തിയിരിക്കുന്നു എന്ന സത്യം ഇനിയെങ്കിലും രാഷ്ട്രീയ, മത, സാമൂഹിക നേതൃത്വം തിരിച്ചറിയണം. പ്രവാസത്തിന് 70 ആണ്ട് കഴിയുമ്പോഴും പ്രവാസികളുടെ ക്ഷേമത്തിനായി മാത്രം ഒരു ഫണ്ട് ശേഖരണത്തിനായി ഒരാളും ഗള്‍ഫിലേക്ക് പറന്നില്ല എന്നതാണ് പ്രവാസികളെ ഒന്നടങ്കം ദുഃഖിപ്പിക്കുന്നത്. ഗൗരവമേറിയ ഈ വിഷയം അവരുടെ ചിന്താമണ്ഡലത്തിലേക്ക് കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. താങ്ങായും തണലായും ഇനിയാരുണ്ട് പ്രവാസികള്‍ക്ക് എന്ന ചോദ്യമിവിടെ കുറിക്കുകയാണ്.
കൂടാതെ പ്രവാസികള്‍ക്ക് മാത്രം അവകാശപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ സി ഡബ്ല്യു എഫ്) രാജ്യത്തെ കോടതികള്‍ ഇടപെട്ടിട്ടും നല്‍കാതെ തടഞ്ഞു വെക്കുന്നത് എന്തിന്റെ പേരിലാണന്ന അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ശക്തമായ പ്രതിഷേധങ്ങളിലൂടെ പ്രവാസികളത് തിരിച്ചുപിടിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തണലായും കാവല്‍ക്കാരായും ഒപ്പമുണ്ടെന്ന തെറ്റിദ്ധാരണയില്‍ പ്രവാസികള്‍ അകപ്പെട്ടു പോയെന്നത് വസ്തുതയാണ്. പ്രവാസത്തിലെ കഷ്ടങ്ങളും നഷ്ടങ്ങളും സഹിക്കാനും അതിനെതിരെ പ്രതികരിക്കാനും പ്രവാസിക്കൊപ്പം ഇതുവരെയും ആരുമുണ്ടായില്ല എന്ന തിരിച്ചറിവുകള്‍ പകല്‍ പോലെ ബോധ്യപ്പെടുകയാണ്. രാഷ്ടീയ താത്പര്യങ്ങള്‍ ഒക്കെയും മാറ്റിവെച്ചു കൊണ്ട് പ്രവാസികള്‍ അവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ സംഘടിച്ചാല്‍ അര്‍ഹമായത് നേടാനും തടഞ്ഞു വെച്ചതൊക്കെയും തിരികെ തരാനും ഭരണകൂടം തയ്യാറാകും.

---- facebook comment plugin here -----

Latest