International
വെനിസ്വേലന്‍ പ്രസിഡന്റിനെ അട്ടിമറിക്കാന്‍ നീക്കം; യു എസ് യുദ്ധക്കപ്പല്‍ ലാറ്റിനമേരിക്കന്‍ തീരത്തേക്ക്
മഡൂറോയെ താഴെയിറക്കാന്‍ സി ഐ എയെ നിയോഗിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുദ്ധക്കപ്പല്‍ പുറപ്പെട്ടതെന്നാണ് റിപോര്‍ട്ട്.
വാഷിങ്ടണ്‍ | വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ലാറ്റിനമേരിക്കന്‍ തീരമേഖലയിലേക്ക് തിരിച്ചു. മഡൂറോയെ താഴെയിറക്കാന്‍ സി ഐ എയെ നിയോഗിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുദ്ധക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍നിന്ന് പുറപ്പെട്ടതെന്നാണ് റിപോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് ഇത്.
യുദ്ധക്കപ്പല്‍ അയച്ചതിലൂടെ ട്രംപ് പുതിയ യുദ്ധമുഖം തുറക്കുകയാണെന്ന് മഡൂറോ പ്രതികരിച്ചു. മുന്‍കരുതലെന്ന നിലയില്‍ ദേശീയ സൈനിക പ്രതിരോധ അഭ്യാസത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിക്കടത്ത് തടയാനെന്ന പേരിലാണ് വെനസ്വേലയെ ലക്ഷ്യമാക്കി ലാറ്റിനമേരിക്കക്ക് ചുറ്റും യു എസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് മാസങ്ങളോളമായി യു എസ് കപ്പലുകള്‍ ശക്തമായ നിരീക്ഷണം നടത്തിവരികയാണ്.
വെനസ്വേലക്കെതിരെ കരയാക്രമണത്തിനും മടിക്കില്ലെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം, അമേരിക്കയുടെ ബി വണ്‍ ലാന്‍സര്‍ ബോംബര്‍ സൂപ്പര്‍സോണിക് വിമാനം വെനസ്വേലന്‍ തീരത്ത് പരിശീലന പറക്കല്‍ നടത്തിയിരുന്നു. അമരിക്കയുടെ കൈവശമുള്ളതില്‍ ഏറ്റവും കൂടുതല്‍ ബോംബ് വാഹക ശേഷിയുള്ള വിമാനമാണ് ഇത്.



