Ongoing News
ന്യൂസിലന്‍ഡിനെ തകര്‍ത്തു; ഇന്ത്യ വനിതാ ലോകകപ്പ് സെമിയില്‍
53 റണ്‍സിനാണ് വിജയം. ടൂര്‍ണമെന്റിലെ നാലാമത്തെ ടീമായാണ് ഇന്ത്യയുടെ സെമി പ്രവേശം.

നവി മുംബൈ | വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ സെമിയില്‍ പ്രവേശിച്ച് ഇന്ത്യ. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഉജ്ജ്വല വിജയം നേടിയാണ് ഇന്ത്യ സെമി യോഗ്യത നേടിയത്. 53 റണ്‍സിനാണ് വിജയം. സ്‌കോര്‍: ഇന്ത്യ-മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340. ന്യൂസിലന്‍ഡ്271/8. മഴനിയമ പ്രകാരം കിവീസിന്റെ വിജയലക്ഷ്യം 44 ഓവറില്‍ 325 ആക്കിയിരുന്നു.
ടൂര്‍ണമെന്റിലെ നാലാമത്തെ ടീമായാണ് ഇന്ത്യയുടെ സെമി പ്രവേശം. ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ നേരത്തെത്തന്നെ സെമി ഉറപ്പാക്കിയിരുന്നു.
ന്യൂസിലന്‍ഡിനായി ബ്രൂക്ക് ഹാലിഡി (81), വിക്കറ്റ് കീപ്പര്‍ ഇസ്സി ഗസെ (65), അമേലിയ കെര്‍ (45), ജോര്‍ജിയ പ്ലിമ്മര്‍ (30) എന്നിവര്‍ പൊരുതിയെങ്കിലും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാനായില്ല. രേണുക സിംഗ് (2), ക്രാന്തി ഗൗഡ് (2), സ്‌നേഹ റാണ (1), നല്ലപുറെഡ്ഢി ചരണി (1), ദീപ്തി ശര്‍മ (1), പ്രതിക റാവല്‍ (1) എന്നിവര്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരായി. ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു എന്നതും പ്രത്യേകതയായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണര്‍ സ്മൃതി മന്ഥാന (95 പന്തില്‍ 109)യുടെയും പ്രതിക റാവലിന്റെ (134 പന്തില്‍ 122)യും കിടിലന്‍ ബാറ്റിംഗിന്റെ കരുത്തിലാണ് വന്‍ സ്‌കോര്‍ നേടിയത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സെഞ്ച്വറി നേട്ടത്തിന് മന്ഥാന ഉടമയായി. പിറകെ പ്രതിക റാവലും ശതകം പൂര്‍ത്തിയാക്കി. ജെമിമ റോഡ്രിഗസ് പുറത്താകാതെ 76 റണ്‍സെടുത്തു. 55 പന്തിലാണ് ജെമിമ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പത്ത് റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് നാലു റണ്‍സുമായി പുറത്താകാതെ നിന്നു.നവി
കിവീസിനായി റോസ്‌മേരി മേയര്‍, അമേലിയ കെര്‍, സുസീ ബേറ്റ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.