From the print
ഇന്ത്യ- യു എസ് വ്യാപാര കരാര്‍: മോദി ആസിയാനിലേക്കില്ല; ട്രംപുമായുള്ള കൂടിക്കാഴ്ച ഉടനില്ല
കരാറില്‍ ധാരണയായില്ലെന്ന് വിലയിരുത്തല്‍.
ന്യൂഡല്‍ഹി | മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കില്ല. ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കില്ലെന്നും ഓണ്‍ലൈന്‍ വഴി സംബന്ധിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ ഫോണില്‍ വിളിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിനെയും പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്നും ഇന്ത്യ- യു എസ് വ്യാപാരകരാര്‍ അന്തിമമാക്കി ഒപ്പുവെക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.
ക്വാലാലംപൂരിലേക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ ഈ വര്‍ഷം മോദി- ട്രംപ് കൂടിക്കാഴ്ചക്കുള്ള സാധ്യത മങ്ങി. നേരത്തേ യു എന്‍ പൊതുസഭയില്‍ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ആണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ഇതോടെ ന്യൂയോര്‍ക്കില്‍ വെച്ച് മോദി- ട്രംപ് കൂടിക്കാഴ്ച നടക്കാതെ പോകുകയായിരുന്നു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളവും സൗഹൃദപരവുമായ സംഭാഷണം നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി താത്പര്യം പ്രകടിപ്പിക്കുകയും ആസിയാന്‍- ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്താതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിലും പങ്കുവെച്ചു.
ഈ മാസം 26- 28 വരെയാണ് ആസിയാന്‍ ഉച്ചകോടി. ഡൊണാള്‍ഡ് ട്രംപിനെ ഉച്ചകോടിയിലേക്ക് മലേഷ്യ ക്ഷണിച്ചിട്ടുണ്ട്. ട്രംപ് ഈ മാസം 26ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ക്വാലാലംപൂരിലെത്തും. ഉച്ചകോടിയില്‍ അതിഥികളായി എത്തുന്ന മോദിയും ട്രംപും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് അധിക നികുതി ചുമത്തിയതോടെ രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി ഇതോടെ അവസാനിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ദീപാവലിക്ക് ആശംസകള്‍ അറിയിച്ച് ട്രംപ് മോദിയെ വിളിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. താരിഫ്, സ്വതന്ത്ര വ്യാപാര കരാര്‍ എന്നിവയില്‍ ഇരു രാജ്യങ്ങളും ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ആസിയാന്‍ ഉച്ചകോടിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍.
പരിഹസിച്ച് കോണ്‍ഗ്രസ്സ്
ട്രംപിനെ പേടിച്ചാണ് മോദി ഉച്ചകോടിയില്‍ നേരിട്ട് സംബന്ധിക്കാത്തത് എന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി. ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചത് താനാണെന്ന് 53 തവണ അവകാശപ്പെടുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയെന്ന് അഞ്ച് തവണ ആവര്‍ത്തിക്കുകയും ചെയ്ത ഒരാളുമായി കൂടിക്കാഴ്ച നടത്തുന്നത് മോദിയെ സംബന്ധിച്ച് കടുത്ത പരീക്ഷണമാകുമെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. ട്രംപിനെ പുകഴ്ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് പോലെയല്ലല്ലോ അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




