Connect with us

articles

ആരുടെ കൈകളിലാണ് നമ്മുടെ ആരോഗ്യം?

ആരോഗ്യ മേഖലയെ ഒരു കച്ചവടമായി മാത്രം കാണുന്നതിന്റെ ദുരന്തഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ബഹുമുഖമായ ഇടപെടല്‍ ആവശ്യമാണ്. മരുന്ന് കമ്പനികളുടെ ചൂഷണത്തിന് കനത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ വരണം. ചികിത്സാ പിഴവുകള്‍ സുതാര്യമായി റിപോര്‍ട്ട് ചെയ്യാനും രോഗികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാനും കഴിയണം. ലാഭക്കൊതിയില്‍ മനുഷ്യജീവന് വില കല്‍പ്പിക്കാത്ത വ്യവസായ മനോഭാവത്തെ നിലനിര്‍ത്താന്‍ പാടില്ല.

Published

|

Last Updated

അഫ്‌സല്‍ യൂസുഫ്

ആധുനിക വൈദ്യശാസ്ത്രം ഒരു രാജ്യത്തിന്റെ പുരോഗതിയുടെയും ജനങ്ങളുടെ ക്ഷേമത്തിന്റെയും അടിസ്ഥാന ശിലയാണ്. ആരോഗ്യ മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധനവാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏകദേശം 31 വയസ്സായിരുന്ന ആഗോള ശരാശരി ആയുസ്സ്, ഇന്ന് 73 വയസ്സിന് മുകളിലെത്തിയത് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ ഫലമാണ്. ഇന്ത്യയില്‍ ദേശീയ ആരോഗ്യ ദൗത്യം പോലുള്ള പദ്ധതികളിലൂടെ ശിശുമരണ നിരക്കും മാതൃമരണ നിരക്കും ഗണ്യമായി കുറക്കാന്‍ കഴിഞ്ഞു.
സാമ്പത്തിക വളര്‍ച്ചയും

ശാസ്ത്രീയ മുന്നേറ്റവും
ആരോഗ്യ മേഖല രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കും സാങ്കേതിക പുരോഗതിക്കും വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. ആരോഗ്യമുള്ള ഒരു ജനതക്ക് കൂടുതല്‍ ഉത്പാദനക്ഷമതയോടെ ജോലി ചെയ്യാനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കാനും സാധിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഗവേഷകര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഈ മേഖല നേരിട്ട് സൃഷ്ടിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ “മെഡിക്കല്‍ ടൂറിസം’ ഒരു പ്രധാന വരുമാന മാര്‍ഗമാണ്. ആരോഗ്യരംഗത്ത് നടക്കുന്ന നിരന്തരമായ ഗവേഷണങ്ങള്‍ പുതിയ മരുന്നുകളുടെയും ചികിത്സാരീതികളുടെയും കണ്ടെത്തലിലേക്ക് നയിക്കുന്നു.

ഇവ്വിധം ആധുനിക വൈദ്യശാസ്ത്രം അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും, രോഗിയും വൈദ്യനും തമ്മിലുള്ള പവിത്രമായ വിശ്വാസബന്ധം ലോകമെമ്പാടും ഉലയുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്. ആരോഗ്യ പരിചരണം ഒരു സേവനം എന്ന നിലയില്‍ നിന്ന് കച്ചവടമായി മാറുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന മൗലികമായ ഉത്തരവാദിത്വമുള്ള ഈ മേഖല, ഇന്ന് കടുത്ത അനീതിയുടെയും ചൂഷണത്തിന്റെയും രംഗമായി മാറിയിരിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മരുന്ന് മാഫിയയുടെ രൂപാന്തരങ്ങള്‍

സാധാരണക്കാരെ ചൂഷണം ചെയ്ത് പടുത്തുയര്‍ത്തിയ ഈ വ്യവസായത്തിന്റെ ക്രൂരമായ യാഥാര്‍ഥ്യം നാം പലപ്പോഴും തിരിച്ചറിയുന്നില്ല. നമ്മുടെ വീടുകളില്‍ ഒരുകാലത്ത് കുട്ടികള്‍ക്കായി സുലഭമായി ഉപയോഗിച്ചിരുന്നതാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍. എന്നാല്‍, നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് ഈ പൗഡര്‍ സമ്മാനിച്ചത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളായിരുന്നു. രോഗികളുടെ നിസ്സഹായാവസ്ഥയെ മുതലെടുത്ത് ഒറ്റ രാത്രികൊണ്ട് മരുന്നുകള്‍ക്ക് ആയിരക്കണക്കിന് ഇരട്ടി വില വര്‍ധിപ്പിക്കുന്നത് മരുന്ന് കമ്പനികളുടെ തന്ത്രമാണ്. ഉദാഹരണത്തിന്, 2015ല്‍ ഒരു അമേരിക്കന്‍ കമ്പനി, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നിന്റെ വില കേവലം 1,100 രൂപയില്‍ നിന്ന് ഒറ്റ രാത്രി കൊണ്ട് 64,000 രൂപയാക്കി. അതായത് 5,000 മടങ്ങ് വര്‍ധന! ഈ കൊള്ളക്ക് ഭരണകൂടം എങ്ങനെ കൂട്ടുനില്‍ക്കുന്നു എന്നതിനും തെളിവുകളുണ്ട്. അമേരിക്കന്‍ സര്‍ക്കാറിനെ സ്വാധീനിക്കാന്‍ വേണ്ടി മാത്രം ഓരോ വര്‍ഷവും ഈ കമ്പനികള്‍ 230 മില്യണ്‍ ഡോളറിലധികം ചെലവഴിക്കുന്നുണ്ടത്രെ.

അധാര്‍മിക പരീക്ഷണങ്ങള്‍
പുതിയൊരു രോഗത്തിന് ശമനം കണ്ടെത്തുമ്പോഴും വിപണിയില്‍ നൂതനമായ മരുന്നുകള്‍ എത്തുമ്പോഴും നാം ആശ്വാസം കൊള്ളാറുണ്ട്. എന്നാല്‍, ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍, പലപ്പോഴും പുറംലോകം അറിയാത്ത മനുഷ്യത്വരഹിതമായ ചൂഷണങ്ങളുടെയും അധാര്‍മികമായ പരീക്ഷണങ്ങളുടെയും കഥകളുണ്ട്. ഓരോ വര്‍ഷവും വികസ്വര രാജ്യങ്ങളിലെ ആയിരക്കണക്കിന് മനുഷ്യര്‍, പ്രത്യേകിച്ച് ദരിദ്രരും കുട്ടികളും രോഗികളും തങ്ങളറിയാതെ തന്നെ മരുന്ന് കമ്പനികളുടെ പരീക്ഷണ വസ്തുക്കളായി മാറുന്നു.

2008 ആഗസ്റ്റ് 18ന് “ടൈംസ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രണ്ട് വര്‍ഷത്തിനിടെ 49 നവജാത ശിശുക്കള്‍ മരുന്ന് പരീക്ഷണത്തിനിടെ മരണപ്പെട്ടു. കേരളവും ഇത്തരം അധാര്‍മിക പരീക്ഷണങ്ങളില്‍ നിന്ന് മുക്തമായിരുന്നില്ല. 2001ല്‍ “ബ്രിട്ടീഷ് മെഡിക്കല്‍ ജേണലി’ല്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം, അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല തിരുവനന്തപുരത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലെ 26 രോഗികളില്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ, മൃഗങ്ങളില്‍ പോലും നടത്താത്ത മരുന്നുകള്‍ പരീക്ഷിച്ചിരുന്നു എന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിലെ പ്രമുഖ മരുന്ന് കമ്പനികളിലൊന്നായ ബെയര്‍, നാസി ഭരണകാലത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ മനുഷ്യരില്‍ ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തിയതിന്റെ ചരിത്രം പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുറത്തുവന്നത്.

ആശുപത്രികള്‍
ലാഭകേന്ദ്രങ്ങളാകുമ്പോള്‍
ആധുനിക വൈദ്യശാസ്ത്രം ഇന്ന് നേരിടുന്നത് കേവലം രോഗചികിത്സയിലെ വെല്ലുവിളികളല്ല, മറിച്ച് ഗുരുതരമായ ധാര്‍മിക പ്രതിസന്ധിയുമാണ്. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായമായി ആരോഗ്യരംഗം മാറുമ്പോള്‍, ആശുപത്രികള്‍ അതിന്റെ കേന്ദ്രങ്ങളായി മാറുന്നു. രോഗികളില്‍ നിന്ന് ഭീമമായ തുക ഈടാക്കുന്നതും, മരണം സംഭവിച്ചവരെ വാണിജ്യതാത്പര്യങ്ങള്‍ക്കായി വെന്റിലേറ്ററില്‍ നിലനിര്‍ത്തുന്നതും, അവയവക്കച്ചവടം നടത്തുന്നതുമായ സംഭവങ്ങള്‍ ഈ ധാര്‍മികച്യുതിയുടെ ഭയാനകമായ ഉദാഹരണങ്ങളാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ചികിത്സക്കിടെ സംഭവിക്കുന്ന പിഴവുകള്‍ കാരണം ലോകത്ത് ഓരോ 10 രോഗികളിലും ഒരാള്‍ എന്ന നിലയില്‍ അപാകതകള്‍ക്കടിമയാകുന്നു. ഇത് പ്രതിവര്‍ഷം 30 ലക്ഷത്തിലധികം മരണങ്ങളിലേക്കാണ് നയിക്കുന്നത്. ഇവ ഒറ്റപ്പെട്ട അപകടങ്ങളല്ല, മറിച്ച് വ്യവസ്ഥിതിയുടെ ഘടനാപരമായ പരാജയമാണ്. കൂടുതല്‍ രോഗികളെ കുറഞ്ഞ സമയം കൊണ്ട് പരിശോധിച്ച് ലാഭം വര്‍ധിപ്പിക്കാനുള്ള സമ്മര്‍ദം ആരോഗ്യ പ്രവര്‍ത്തകരില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു. ഇതിലും ഗുരുതരമാണ് സാമ്പത്തിക നേട്ടങ്ങള്‍ക്കായി നടത്തുന്ന അനാവശ്യ ശസ്ത്രക്രിയകള്‍. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയകളില്‍ അധികവും അനാവശ്യമാണെന്ന് പഠനങ്ങള്‍ പറയുന്നു.

പാരമ്പര്യ ചികിത്സാരീതികളും വാണിജ്യവത്കരണവും
ആധുനിക ആരോഗ്യരംഗം നേരിടുന്ന ഈ ഗുണനിലവാരത്തകര്‍ച്ച അലോപ്പതിയില്‍ മാത്രം ഒതുങ്ങുന്നില്ല. സഹസ്രാബ്ദങ്ങളായി മനുഷ്യരാശിക്ക് ആശ്വാസമേകിയിരുന്ന ആയുര്‍വേദം, യൂനാനി, സിദ്ധ ചികിത്സ തുടങ്ങിയ പാരമ്പര്യ ചികിത്സാ ശാഖകളും ഇന്ന് ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ്. ഒരുകാലത്ത് പ്രകൃതിയില്‍ നിന്ന് ശുദ്ധമായി ശേഖരിച്ച ഔഷധക്കൂട്ടുകള്‍, ഇന്ന് കേവലം ലാഭം ലക്ഷ്യമിടുന്ന വ്യവസായത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഒക്യുപേഷനല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് 2018ല്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വിപണിയില്‍ ലഭ്യമായ 65 ശതമാനത്തോളം ആയുര്‍വേദ, യൂനാനി, സിദ്ധ ഔഷധങ്ങളില്‍ ലെഡ്, ആര്‍സെനിക്, മെര്‍ക്കുറി തുടങ്ങിയ മാരക വിഷലോഹങ്ങളുടെ സാന്നിധ്യം ഉയര്‍ന്ന അളവിലുണ്ട്. ഇത്തരം വിഷവസ്തുക്കള്‍ അടങ്ങിയ മരുന്നുകളുടെ ഉപയോഗം കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

കേരള മോഡലിന്റെ തകര്‍ച്ച
വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ സൂചകങ്ങളുമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന “കേരള മോഡല്‍’ ഇന്ന് ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നു എന്നതിന്റെ സൂചനകളാണ് സമീപകാല സംഭവങ്ങള്‍. പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത്, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാല് വയസ്സുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്, ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് ഒരു സ്ത്രീയുടെ വയറ്റില്‍ നിന്ന് ഗൈഡ് വയര്‍ കണ്ടെത്തിയത്… ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യക്കുറവും ജീവനക്കാരുടെ അഭാവവും മരുന്നുകള്‍ സ്വീകരിക്കുന്നതിലെ അനാസ്ഥയും സാധാരണക്കാരെ സ്വകാര്യ മേഖലയുടെ ചൂഷണത്തിലേക്ക് തള്ളിവിടുന്നു എന്നതില്‍ സംശയമില്ല.

വേണം, ബഹുമുഖമായ
ഇടപെടല്‍
ആരോഗ്യ മേഖലയെ ഒരു കച്ചവടമായി മാത്രം കാണുന്നതിന്റെ ദുരന്തഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ബഹുമുഖമായ ഒരു ഇടപെടല്‍ ആവശ്യമാണ്. മരുന്ന് കമ്പനികളുടെ ചൂഷണത്തിന് കനത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ വരണം. ചികിത്സാ പിഴവുകള്‍ സുതാര്യമായി റിപോര്‍ട്ട് ചെയ്യാനും രോഗികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാനും കഴിയണം. ലാഭക്കൊതിയില്‍ മനുഷ്യജീവന് വില കല്‍പ്പിക്കാത്ത വ്യവസായ മനോഭാവത്തെ ഇനിയും നിലനിര്‍ത്താന്‍ പാടില്ല. ഉത്തമമായ ആരോഗ്യ ജീവിതശൈലി നിലനിര്‍ത്തുകയും പരമാവധി രോഗങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. മനുഷ്യജീവന് വില കല്‍പ്പിക്കുന്ന, ഉത്തരവാദിത്വബോധമുള്ള ഒരു ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ വൈദ്യശാസ്ത്രത്തിന് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ആരോഗ്യം ആരുടെ കൈകളിലാണ് സുരക്ഷിതമെന്നതിന് ഉത്തരം അന്ന് നമുക്ക് കണ്ടെത്താന്‍ സാധിക്കും.

---- facebook comment plugin here -----

Latest