From the print
തിരുവനന്തപുരം ഓണ്‍ട്രാക്ക്
പിറന്നത് രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍.
വേഗരാജാവ് | സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ വിഭാഗം ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ പാലക്കാട് ചിറ്റൂർ ജി എച്ച് എസ് എസിലെ നിവേദ് കൃഷ്ണ (ഇടത്ത് നിന്ന് ആദ്യം) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു | ഫോട്ടോ: ടി ശിവജികുമാർ
തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ട്രാക്കും ഹീറ്റ്സും സജീവമായ മൂന്നാംദിനം അവസാനിക്കുമ്പോള്‍ 968 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരം പോയിന്റ്പട്ടികയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന്റെ ഇരട്ടിയിലധികം പോയിന്റുമായാണ് തിരുവനന്തപുരം ജൈത്രയാത്ര തുടരുന്നത്. 454 പോയിന്റാണ് തൃശൂരിന്. 426 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
കായികമേളയിലെ പ്രധാന ഇനമായ അത്ലറ്റിക്സില്‍ ഇന്നലെ മൂന്ന് ദശാബ്ദങ്ങള്‍ പഴക്കമുള്ള രണ്ട് റെക്കോര്‍ഡുകളും തിരുത്തപ്പെട്ടു. രണ്ട് മീറ്റ് റെക്കോര്‍ഡുകളാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പിറന്നത്. 1987ല്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ വി കെ സിന്ധു സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുറിച്ച അപൂര്‍വ റെക്കോര്‍ഡാണ് ഇടുക്കിയുടെ ദേവപ്രിയ മറികടന്നത്. നൂറ് മീറ്ററില്‍ 12.69 സെക്കന്‍ഡിലാണ് ദേവപ്രിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ഇതോടെ 38 വര്‍ഷം മുന്പുള്ള വി കെ സിന്ധുവിന്റെ 12.7 സെക്കന്‍ഡ് നേട്ടം പഴങ്കഥയായി. പാലക്കാട് താരം അന്‍വി രണ്ടാമതും തൃശൂരിന്റെ അഭിനന്ദന മൂന്നാമതുമെത്തി.
ജൂനിയര്‍ ബോയ്സിന്റെ നൂറ് മീറ്റര്‍ ഓട്ടത്തിലാണ് ആലപ്പുഴയുടെ ടി എം അതുല്‍ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 10.81 സെക്കന്‍ഡിലാണ് റെക്കോര്‍ഡ് നേട്ടം. ജി വി രാജയുടെ രാംകുമാര്‍ 1988ല്‍ കുറിച്ച 10.9 സെക്കന്‍ഡാണ് ഇതോടെ മാഞ്ഞത്. ഗവ. ഡി വി എച്ച് എസ് എസ് ചാരമംഗലത്തിലെ വിദ്യാര്‍ഥിയാണ് അതുല്‍. കോട്ടയം മുരുക്കുംവയല്‍ ഗവ. വി എച്ച് എസ് എസിലെ സി ബിനു വെള്ളിയും തൃശൂര്‍ കുന്നംകുളം ഗവ. വി എച്ച് എസ് എസ് ഫോര്‍ ബോയ്സിലെ ജിയോ ഐസക് വെങ്കലവും നേടി.
നീന്തലില്‍ തിരുവനന്തപുരത്തിന്റെ സമ്പൂര്‍ണ ആധിപത്യം തുടരുകയാണ്. അക്വാട്ടിക്‌സില്‍ ആകെയുള്ള 103 മത്സരങ്ങളില്‍ 56 എണ്ണം കഴിഞ്ഞപ്പോള്‍ 336 പോയിന്റുമായി ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം.



