Kerala
പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം; സിപിഐയുടെ എതിർപ്പ് തള്ളി
കേന്ദ്രം തടഞ്ഞുവെച്ച 1500 കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കേരളത്തിന്റെ നീക്കം.

തിരുവനന്തപുരം | ഇടതു മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സി പി ഐയുടെ കടുത്ത എതിർപ്പ് അവഗണിച്ച് കേന്ദ്ര സർക്കാരിന്റെ വിവാദ വിദ്യാഭ്യാസ പദ്ധതിയായ ‘പി എം ശ്രീ’ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) യിൽ ഒപ്പുവെച്ച് കേരളം. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പിട്ടത്. കേന്ദ്രം തടഞ്ഞുവെച്ച 1500 കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കേരളത്തിന്റെ നീക്കം.
പിഎം ശ്രീ പദ്ധതിയെ ഒരു കാലത്ത് ശക്തമായി എതിർത്ത സിപിഎം ഇപ്പോൾ പദ്ധതിയെ പിന്തുണച്ച് രംഗത്ത് വന്നത് വിവാദമായിരുന്നു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് വെറുതെ പാഴാക്കിക്കളയേണ്ടതില്ല എന്ന ന്യായം പറഞ്ഞാണ് മന്ത്രി വി ശിവൻ കുട്ടി പദ്ധതിയെ പിന്തുണച്ച് രംഗത്ത് വന്നത്. പദ്ധതി നടപ്പാക്കാതിരുന്നാൽ നിയമപരമായി തടസ്സങ്ങളുണ്ടാകുമെന്നും മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരന്നു.
പദ്ധതി നടപ്പാക്കുന്നതിനെ സിപിഐ ശക്തമായി എതിർത്തിരുന്നു. പദ്ധതിക്ക് പിന്നിൽ ആർ എസ് എസ്. അജണ്ടയാണെന്ന വാദമുയർത്തിയാണ് സി പി ഐ ഇതിനെ എതിർത്തത്.
പി എം ശ്രീയുടെ ഭാഗമാകാൻ ദേശീയ വിദ്യാഭ്യാസ നയം പൂർണമായും നടപ്പിലാക്കണമെന്നതാണ് നിബന്ധന. പദ്ധതിയിൽ ഒപ്പുവെച്ചതോടെ ഇത് കേരളത്തിലും നടപ്പാക്കേണ്ടി വരും. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളെ ‘പി എം ശ്രീ സ്കൂളുകൾ’ എന്ന് വിളിക്കണമെന്നും നിബന്ധനയുണ്ട്.
രാജ്യത്തുടനീളമുള്ള സ്കൂളുകളെ നവീകരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നവകാശപ്പെട്ടുള്ള ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പി എം ശ്രീ. രാജ്യത്തൊട്ടാകെ ഏകദേശം 14,500-ൽ അധികം സ്കൂളുകളെ ‘പി എം ശ്രീ സ്കൂളുകൾ’ എന്ന നിലയിലേക്ക് ഉയർത്തി, അതത് പ്രദേശങ്ങളിൽ മാതൃകാ വിദ്യാലയങ്ങളായി പ്രവർത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന ഗുണമേന്മയുള്ളതും, തുല്യതയും ഉൾപ്പെടുത്തലും ഉറപ്പുവരുത്തുന്നതുമായ, സന്തോഷകരമായ പഠനാന്തരീക്ഷം വിദ്യാർത്ഥികൾക്ക് നൽകുകയും, അതുവഴി ഭാവിയിലേക്ക് രാജ്യത്തിന്റെ സംഭാവന നൽകാൻ കഴിവുള്ള പൗരന്മാരായി അവരെ വളർത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി മുന്നോട്ട് വെക്കുന്ന പ്രധാന ആശയമെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
2024-25ൽ പി എം ശ്രീ പദ്ധതിയുടെ ഭാഗമായി 3757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിച്ചത്. കേരളത്തിൽ 336 സ്കൂളുകൾക്കാണ് പി എം ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക.