International
സുസ്ഥിര വളര്‍ച്ചക്കുള്ള ആഹ്വാനവുമായി ആഗോള നിക്ഷേപ സമ്മേളനം സമാപിച്ചു
142 രാജ്യങ്ങളില്‍ നിന്ന് 12,000-ത്തിലധികം പേര്‍ പങ്കെടുത്തു.
ഷാര്‍ജ | സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനായി ഏകീകൃത ധനകാര്യത്തിനും ശക്തമായ പ്രാദേശിക പങ്കാളിത്തത്തിനുമുള്ള ആഹ്വാനത്തോടെ ഷാര്‍ജ ആഗോള നിക്ഷേപ സമ്മേളനം സമാപിച്ചു. 142 രാജ്യങ്ങളില്‍ നിന്നായി 12,000-ത്തിലധികം പേര്‍ രണ്ട് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ആഗോള വിപണികളിലുടനീളം സുതാര്യത ഉറപ്പാക്കുന്നതിന് സാമ്പത്തിക, ഭരണ സുതാര്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം സമ്മേളനം ചൂണ്ടിക്കാട്ടി. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സാമ്പത്തിക ഏകീകരണം ആഴത്തിലാക്കുന്നതിനും പ്രാദേശിക പങ്കാളിത്തങ്ങളില്‍ നിക്ഷേപിക്കല്‍ പ്രധാനമാണ്. പൈലറ്റ് ഫണ്ടുകള്‍, ഗ്രീന്‍ സുക്കുകള്‍ തുടങ്ങിയ നൂതന ധനകാര്യ ഉപകരണങ്ങള്‍ വികസിപ്പിക്കണം. സുസ്ഥിര ധനകാര്യവും ന്യായമായ വിഭവ വിതരണവും ഉറപ്പാക്കുന്നതിന് സമഗ്രമായ സ്ഥാപന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണം.
ഹരിത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഉത്പാദനവും ഊര്‍ജ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും എ ഐയും വഴി പരിവര്‍ത്തനം വേണം. വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സികള്‍, യു എ ഇ നിക്ഷേപ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഷാര്‍ജ എഫ് ഡി ഐ ഓഫീസ് (ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ) ആണ് ഫോറം സംഘടിപ്പിച്ചത്.





