Kerala
പി എം ശ്രീ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഫണ്ട്; കേരളത്തിന്റെ വിദ്യാഭ്യാസം നയം അടിയറവക്കില്ല: മന്ത്രി ശിവന്‍കുട്ടി
ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്ന എട്ട് കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. എം ഒ യു ഒപ്പുവച്ചാല്‍ പിന്മാറാന്‍ പറ്റില്ലെന്നാണ് ചിലര്‍ പറയുന്നത്. പക്ഷെ, അത് അങ്ങനെയല്ല.
തിരുവനന്തപുരം | പി എം ശ്രീ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഫണ്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അത് ഒഴിവാക്കേണ്ടതില്ല. ആര്‍ എസ് എസ് നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ല. ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍ ഇ പി) പറയുന്ന എട്ട് കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. എം ഒ യു ഒപ്പുവച്ചാല്‍ പിന്മാറാന്‍ പറ്റില്ലെന്നാണ് ചിലര്‍ പറയുന്നത്. പക്ഷെ, അത് അങ്ങനെയല്ല. കേരളത്തിന്റെ വിദ്യാഭ്യാസ നയം അടിയറ വെക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രകാശ് ബാബുവിന് മറുപടി പറയാനില്ല: എം എ ബേബി
പി ശ്രീ പദ്ധതി സംബന്ധിച്ച് സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഡി രാജയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുള്ളതാണ്. സാമാന്യ യുക്തിയുള്ളവര്‍ക്ക് വിഷയം സംസ്ഥാനത്താണ് പരിഹരിക്കേണ്ടതെന്ന് വ്യക്തമാവുമെന്നും ബേബി പറഞ്ഞു.
സി പി എം ജനറല്‍ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് പ്രകാശ് ബാബു ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. വിദ്യാഭ്യാസ മന്ത്രി എന്തെങ്കിലും നിര്‍ദേശം വച്ചതായി അറിയില്ല. പി എം ശ്രീയുടെ രേഖയില്‍ എന്‍ ഇ പി സമഗ്രമായി നടപ്പാക്കണമെന്നു തന്നെയാണ് പറയുന്നത്. ഡി രാജ ഭക്ഷണം പോലും കഴിക്കാതെയാണ് ബേബിയെ പോയി കണ്ടത്. എന്നാല്‍, എല്ലാ ചോദ്യങ്ങള്‍ക്കും ബേബിക്ക് മൗനം മാത്രമായിരുന്നു മറുപടിയെന്നും പ്രകാശ് ബാബു പറഞ്ഞു.
മന്ത്രിമാരോട് മുഖ്യമന്ത്രി കള്ളത്തരം കാണിച്ചു: വി ഡി സതീശന്‍
പി എം ശ്രീയില്‍ മന്ത്രിമാരോട് മുഖ്യമന്ത്രി കള്ളത്തരം കാണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി വിധേയനെ പോലെ നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.




