Uae
നൂതന ഭക്ഷണം: അബൂദബിയില്‍ പുതിയ നിയന്ത്രണ ചട്ടക്കൂട്
രജിസ്ട്രേഷന്‍ കാലാവധി കുറക്കും.
അബൂദബി | നൂതന ഭക്ഷണങ്ങള്‍ക്കായി അബൂദബിയില്‍ പുതിയ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുന്നു. അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, അബൂദബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സില്‍, അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി.
ഭക്ഷ്യോത്പാദനത്തില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും നൂതന കൃഷി, സുസ്ഥിര ഭക്ഷണം, ബയോടെക്നോളജി എന്നിവയില്‍ ഗുണനിലവാരമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലൂടെയും എമിറേറ്റില്‍ ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിനും സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുള്ളതാണ് പദ്ധതി. യു എ ഇ, ഗള്‍ഫ് മേഖല, യൂറോപ്യന്‍ യൂണിയന്‍, സിംഗപ്പൂര്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നൂതന ഭക്ഷ്യ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുകയും സംയോജിപ്പിക്കുകയും ചെയ്യും. രജിസ്ട്രേഷന്‍ കാലാവധി ആറ് മുതല്‍ ഒമ്പത് മാസം വരെയായി കുറക്കും.
ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി പുതിയ ഭക്ഷ്യ രജിസ്ട്രേഷന്‍, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍, ഉത്പാദന, ഇറക്കുമതി പെര്‍മിറ്റുകള്‍ എന്നിവക്കുള്ള ആവശ്യകതകള്‍ ഏകീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവും നൂതന നിയമനിര്‍മാണവും നിക്ഷേപവും സാങ്കേതിക പിന്തുണയും സംയോജിപ്പിക്കുന്ന ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ബദര്‍ സലിം സുല്‍ത്താന്‍ അല്‍ ഉലമ പറഞ്ഞു.




