Kerala
അടിമാലി മണ്ണിടിച്ചില്‍: ബിജുവിന്റെ സംസ്‌കാരം ഇന്ന്; ഭാര്യ സന്ധ്യയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി
ഗുരുതരമായി പരുക്കേറ്റ സന്ധ്യക്ക് വിദഗ്ധ ചികിത്സ. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇടതുകാലിലെ രക്തക്കുഴലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. കാലിലെ മസിലുകള്‍ ചതഞ്ഞ നിലയിലാണ്.
ഇടുക്കി | അടിമാലിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച കൂമ്പന്‍പാറ സ്വദേശി ബിജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. തറവാട് വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിജുവിന്റെ ഭാര്യ സന്ധ്യക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള സന്ധ്യയുടെ ഇടതുകാലിലെ രക്തക്കുഴലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. കാലിലെ മസിലുകള്‍ ചതഞ്ഞ നിലയിലാണ്. സന്ധ്യയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു.





