Uae
ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പദ്ധതിക്ക് അബൂദബിയില്‍ തറക്കല്ലിട്ടു
സൂര്യോര്‍ജവും ബാറ്ററി സംഭരണവും സംയോജിപ്പിച്ചുള്ള പദ്ധതി 2027-ല്‍.
അബൂദബി | ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ പുനരുപയോഗ ഊര്‍ജ പദ്ധതിക്ക് അബൂദബിയില്‍ തറക്കല്ലിട്ടു. സൂര്യോര്‍ജവും ബാറ്ററി സംഭരണ സംവിധാനവും സംയോജിപ്പിച്ചുള്ള പദ്ധതി 24 മണിക്കൂറും ശുദ്ധമായ ഊര്‍ജം ലഭ്യമാക്കും. പദ്ധതിക്ക് രാഷ്ട്രപതി കാര്യാലയം വികസന, രക്തസാക്ഷി കാര്യ ഉപമേധാവി ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് തറക്കല്ലിട്ടത്.
അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയായ മസ്ദറും, എമിറേറ്റ്സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനിയും ചേര്‍ന്നാണ് പദ്ധതി വികസിപ്പിക്കുന്നത്. 19 ജിഗാവാട്ട്/മണിക്കൂര്‍ ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനത്തോടുകൂടിയ 5.2 ജിഗാവാട്ട് ഫോട്ടോവോള്‍ട്ടായിക് സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
2027-ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന പദ്ധതിയില്‍ 220 കോടി ദിര്‍ഹത്തിലധികമാണ് നിക്ഷേപം. 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രതിവര്‍ഷം ഏകദേശം 5.7 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനും സംവിധാനം സഹായിക്കും. വെര്‍ച്വല്‍ പവര്‍ പ്ലാന്റ് മോഡല്‍ ടെക്നോളജികള്‍, ഗ്രിഡ് രൂപീകരണ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ചുള്ള പ്രവചന സാങ്കേതികവിദ്യകള്‍, സ്മാര്‍ട്ട് എനര്‍ജി വിതരണ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ പദ്ധതിയില്‍ ഉപയോഗിക്കും.
പദ്ധതിയുടെ പൂര്‍ത്തീകരണം ആഗോള ശുദ്ധ ഊര്‍ജ മേഖലയില്‍ വഴിത്തിരിവാകുമെന്ന് വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും മസ്ദര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ജാബിര്‍ പറഞ്ഞു.




