Ongoing News
ഷാര്‍ജസാറ്റ്-2 അവസാന ഘട്ട പരീക്ഷണം ആരംഭിച്ചു
നെതര്‍ലന്‍ഡ്‌സിലാണ് പരീക്ഷണം നടക്കുന്നത്.
ഷാര്‍ജ | ഷാര്‍ജസാറ്റ്-2 ക്യൂബ്സാറ്റിന്റെ അവസാനഘട്ട പരീക്ഷണം ഷാര്‍ജ അക്കാദമി ഫോര്‍ അസ്ട്രോണമി സ്പേസ് സയന്‍സസ് ആന്‍ഡ് ടെക്നോളജി ആരംഭിച്ചു. ഇതിന്റെ ഭാഗമായി അക്കാദമിയുടെ പ്രതിനിധി സംഘം നെതര്‍ലന്‍ഡ്‌സിലെ ഇന്നോവേറ്റീവ് സൊല്യൂഷന്‍സ് ഇന്‍ സ്‌പേസ് സന്ദര്‍ശിച്ചു. ഷാര്‍ജ മുന്‍സിപ്പാലിറ്റി, പ്ലാനിങ് ആന്‍ഡ് സര്‍വേ വകുപ്പ്, ഷാര്‍ജ വൈദ്യുതി ജല വാതക അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആറ് യൂനിറ്റുകളുള്ള ക്യൂബ്‌സാറ്റിന്റെ അസംബ്ലി, ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടത്. 2026ന്റെ ആദ്യ പാദത്തിലാണ് വിക്ഷേപണം. പ്രവര്‍ത്തനപരവും പാരിസ്ഥിതികവുമായ പ്രകടന പരിശോധനകള്‍, പവര്‍ സിസ്റ്റങ്ങളുടെയും സുരക്ഷാ സാഹചര്യങ്ങളുടെയും പരിശോധന, ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്ന് കമാന്‍ഡുകള്‍ സ്വീകരിക്കുന്നതിലും ഡാറ്റ കൈമാറുന്നതിലും അവയുടെ കാര്യക്ഷമത എന്നിവ സംഘം വിലയിരുത്തി. ഫ്‌ളൈറ്റ് സോഫ്റ്റ് വെയറിന്റെ സന്നദ്ധതയും പരിശോധിച്ചു.
ഭൂമി നിരീക്ഷണത്തിനും പ്രകൃതിവിഭവങ്ങളുടെ പഠനത്തിനുമായി സ്പെക്ട്രല്‍ ഇമേജിംഗ് ക്യാമറയാണ് ഷാര്‍ജസാറ്റ്-2 വില്‍ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് മീറ്റര്‍ വരെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ നല്‍കാന്‍ ഇതിന് സാധിക്കും. നഗര ആസൂത്രണം, പരിസ്ഥിതി മാറ്റങ്ങള്‍ നിരീക്ഷിക്കല്‍, പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്ത നിവാരണം, സുസ്ഥിര കൃഷി, തീരദേശ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഉപഗ്രഹം നിര്‍ണായക പങ്കുവഹിക്കും.




