Uae
യു എ ഇയില്‍ സ്‌ക്രാപ്പ് മെറ്റല്‍ വ്യാപാരത്തിന് റിവേഴ്സ് ചാര്‍ജ് സംവിധാനം ജനുവരി 14 മുതല്‍ നടപ്പിലാകും
നികുതി വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്‌ക്രാപ്പ് മെറ്റല്‍ വ്യാപാര മേഖലയിലെ തട്ടിപ്പുകള്‍ തടയുകയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
അബൂദബി | യു എ ഇയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കിടയിലുള്ള സ്‌ക്രാപ്പ് മെറ്റല്‍ വ്യാപാരത്തിന് റിവേഴ്സ് ചാര്‍ജ് സംവിധാനം ഏര്‍പ്പെടുത്താന്‍ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ജനുവരി 14 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 2025ലെ153-ാം നമ്പര്‍ കാബിനറ്റ് പ്രമേയ പ്രകാരമാണ് നടപടി. നികുതി വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്‌ക്രാപ്പ് മെറ്റല്‍ വ്യാപാര മേഖലയിലെ തട്ടിപ്പുകള്‍ തടയുകയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
പുതിയ സംവിധാനത്തില്‍ മൂല്യവര്‍ധിത നികുതി കണക്കാക്കുന്നതിനുള്ള ഉത്തരവാദിത്തം വില്‍പനക്കാരനില്‍ നിന്ന് വാങ്ങുന്നയാളിലേക്ക് മാറും. ഇതോടെ ഇടപാടുമായി ബന്ധപ്പെട്ട നികുതി ബാധ്യതകള്‍ നിറവേറ്റേണ്ടത് വാങ്ങുന്നയാളുടെ ഉത്തരവാദിത്തമാകും. വില്‍പനക്കാരന്‍ ഈ ഇടപാടുമായി ബന്ധപ്പെട്ട നികുതി കണക്കാക്കേണ്ടതില്ല.
സ്‌ക്രാപ്പ് മെറ്റല്‍ സ്വീകരിക്കുന്നത് പുനര്‍വില്‍പനക്കോ സംസ്‌കരണത്തിനോ ആണെന്ന് വ്യക്തമാക്കുന്ന രേഖാമൂലമുള്ള പ്രസ്താവന വിതരണക്കാരന് നല്‍കണം. കൂടാതെ സ്വീകര്‍ത്താവ് ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഇലക്ട്രോണിക്സ്, സ്വര്‍ണം, വിലയേറിയ ലോഹങ്ങള്‍ എന്നിവയുടെ വ്യാപാരത്തില്‍ സമാനമായ സംവിധാനം നേരത്തെ വിജയകരമായി നടപ്പിലാക്കിയിരുന്നു.



