Kerala
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്ക്; റിമാന്‍ഡ് റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തി. കുറ്റം മറയ്ക്കുന്നതിലും ഇരുവര്‍ക്കും പങ്കുണ്ട്. ഇവരില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയതായും എസ് ഐ ടി.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡ് റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്കുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) പറയുന്നു.
ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. കുറ്റം മറയ്ക്കുന്നതിലും ഇരുവര്‍ക്കും പങ്കുണ്ട്. ഇവരില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയതായും എസ് ഐ ടി വ്യക്തമാക്കുന്നു.
ശബരിമലയില്‍ നിന്ന് സ്വര്‍ണം പൂശാനെന്ന വ്യാജേന കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് സ്വര്‍ണം തട്ടിയെടുത്തത് പങ്കജ് ഭണ്ഡാരിയാണെന്നും അയാളില്‍നിന്ന് ആ സ്വര്‍ണം വാങ്ങിയത് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനാണെന്നും എസ് ഐ ടി കണ്ടെത്തിയിരുന്നു. ദ്വാരപാലക ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയുടെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയില്‍ വച്ചാണ്. ഈ സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനാണ്. ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.




