Connect with us

Uae

യു എ ഇയില്‍ മഴക്ക് ശമനം; തണുപ്പ് കനത്തു

റെക്കോര്‍ഡ് മഴ റാസ് അല്‍ ഖൈമ അല്‍ ഗസ്‌ലയില്‍.

Published

|

Last Updated

ദുബൈ | യു എ ഇയിലുടനീളം ആഞ്ഞടിച്ച കനത്ത മഴയുടെ പ്രധാന തരംഗം കടന്നുപോയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യത്യസ്ത അളവില്‍ മഴ ലഭിച്ചു.

റാസ് അല്‍ ഖൈമയിലെ അല്‍ ഗസ്‌ലയിലാണ് ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്. 127 മില്ലീമീറ്ററാണ് ഇവിടെ ലഭിച്ച മഴയുടെ അളവ്. സഖര്‍ പോര്‍ട്ട് സ്റ്റേഷനില്‍ 123 മില്ലീമീറ്ററും ജബല്‍ അല്‍ റഹ്ബയില്‍ 117.5 മില്ലീമീറ്ററും മഴ പെയ്തു. ജബല്‍ ജൈസില്‍ 116.6 മില്ലീമീറ്ററും റാസ് അല്‍ ഖൈമ സിറ്റിയില്‍ 72 മില്ലീമീറ്ററും മഴ ലഭിച്ചു.

മേഘാവൃതമായ അന്തരീക്ഷം രാജ്യത്ത് കുറഞ്ഞുവരികയാണെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പരിമിതമായ പ്രദേശങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും നേരിയ മഴക്കും സാധ്യതയുണ്ട്.

തണുപ്പ് കനത്തു
യു എ ഇയില്‍ മഴക്ക് പിന്നാലെ രാജ്യത്തുടനീളം താപനിലയില്‍ ഗണ്യമായ കുറവുണ്ടായി. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ (20, ശനി) പുലര്‍ച്ചെ 12 ഓടെ റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസ് പര്‍വതനിരയില്‍ രേഖപ്പെടുത്തി. 3.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തണുപ്പേറിയ കാലാവസ്ഥയാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ മലയോര മേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും പുലര്‍ച്ചെ താപനില ഇനിയും കുറയാന്‍ സാധ്യതയുണ്ട്.

മുന്‍കരുതല്‍ വേണം
ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മലകയറുന്നവരും വിനോദസഞ്ചാരികളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഉള്‍നാടന്‍ പ്രദേശങ്ങളിലും മലയോര മേഖലകളിലും പോകുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന സാമഗ്രികള്‍ കൈവശം വെക്കണം.

കര്‍മനിരതരായി ഉദ്യോഗസ്ഥര്‍, നടത്തിയത് ഭഗീരഥ യത്നം
കനത്ത മഴയില്‍ നഗരം ഉറങ്ങുമ്പോള്‍ വെള്ളക്കെട്ട് നീക്കാനും ഗതാഗതം നിയന്ത്രിക്കാനും ഉദ്യോഗസ്ഥര്‍ തെരുവുകളില്‍ സജീവമായിരുന്നു. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം വര്‍ധിപ്പിക്കുകയും വിഭവങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. മുന്‍സിപ്പാലിറ്റി, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് രാജ്യവ്യാപകമായി ഇടപെടലുകള്‍ നടത്തിയത്.

ജീവന്‍ സംരക്ഷിക്കുക, ഗതാഗതം പുനഃസ്ഥാപിക്കുക, താമസമേഖലകളില്‍ സുരക്ഷ ഉറപ്പാക്കുക എന്നിവക്കായിരുന്നു മുന്‍ഗണന. ഇതിനായി ലാന്‍ഡ് ടീമുകളും മറൈന്‍ ടീമുകളും ഉള്‍പ്പെടെ പ്രത്യേക രക്ഷാസംഘങ്ങള്‍ പ്രവര്‍ത്തിച്ചു. അയല്‍രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങള്‍ മുന്‍കൂട്ടി നിരീക്ഷിച്ചത് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സഹായിച്ചു. മുന്‍കൂട്ടിയുള്ള ആസൂത്രണവും ഏകോപനവുമാണ് കാര്യക്ഷമമായി പ്രതികരിക്കാന്‍ ടീമുകളെ സഹായിച്ചത്.

 

Latest