Connect with us

Kerala

അശാസ്ത്രീയമായി മണ്ണെടുത്തതാണ് അടിമാലി മണ്ണിടിച്ചിലിനു കാരണമെന്ന് ആരോപണം; പരിശോധിക്കുമെന്ന് മന്ത്രി

കഴിഞ്ഞ് മൂന്ന് ദിവസമായി പലതവണ മേഖലയില്‍ മണ്ണിടിയുകയും ദേശീയ പാതക്കായി മണ്ണ് മാറ്റിയ സ്ഥലത്ത് വലിയ വിള്ളല്‍ രൂപപ്പെടുകയും ചെയ്തിരുന്നു.

Published

|

Last Updated

ഇടുക്കി | മണ്ണിടിഞ്ഞ് വീടുകളിലേക്ക് മുകളില്‍ വീണ അടിമാലി കൂമ്പന്‍പാറയില്‍ ഒഴിവായത് വന്‍ ദുരന്തം. മണ്ണിടിച്ചില്‍ ഉണ്ടാവാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇവിടുത്തെ ലക്ഷംവീട് ഉന്നതിയില്‍ താമസിക്കുന്ന 22 കുടുംബങ്ങളെയാണ് ഇന്നലെ രാവിലെ മാറ്റിപ്പാര്‍പ്പിച്ചത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി തടയാന്‍ സഹായകമായി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. റവന്യൂ അധികൃതരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ലക്ഷം വീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.

ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പന്ത്രണ്ടോളം വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇതില്‍ ആറ് വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ് മൂന്ന് ദിവസമായി പലതവണ മേഖലയില്‍ മണ്ണിടിയുകയും ദേശീയ പാതക്കായി മണ്ണ് മാറ്റിയ സ്ഥലത്ത് വലിയ വിള്ളല്‍ രൂപപ്പെടുകയും ചെയ്തിരുന്നു. അപകടത്തിനിടയാക്കിയ കാരണങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. ദേശീയ പാതക്കായി റോഡ് വീതികൂട്ടുന്ന പ്രവൃത്തികള്‍ പുരോഗമിക്കവേയാണ് മണ്ണിടിച്ചിലുണ്ടായത്. രേഖകളെടുക്കാനും ഭക്ഷണം കഴിക്കാനുമായി വീട്ടിലെത്തിയ ബിജു-സന്ധ്യ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ആറുമണിക്കൂര്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെത്തിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. സന്ധ്യ കാലിന് ഗുരുതരമായി പരുക്കേറ്റ നിലയില്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

 

Latest