Connect with us

Articles

സംസാരത്തിന്റെ സൗന്ദര്യം

നബി(സ) പറഞ്ഞു, എനിക്കേറ്റവും ഇഷ്ടം സല്‍സ്വഭാവിയെയാണ്. പരലോകത്ത് അവനായിരിക്കും എന്റെ തൊട്ടടുത്ത്. എന്നാല്‍ വാതോരാതെ സംസാരിക്കുന്നവരെയും നാക്കിട്ടലക്കുന്നവരെയും ഞാന്‍ ഏറെ വെറുക്കുന്നു. പരലോകത്ത് ഞാന്‍ അവരുമായി അകലം സ്ഥാപിക്കുകയും ചെയ്യും (തിര്‍മുദി).

Published

|

Last Updated

താങ്കളുടെ സുഹൃത്തിനെ കുറിച്ച് എനിക്കൊരു കാര്യം പറയാനുണ്ടെന്ന് സോക്രട്ടീസിനോട് ഒരിക്കല്‍ ഒരാള്‍ പറഞ്ഞു. സുഹൃത്തിനെ കുറിച്ച് നിങ്ങള്‍ പറയുന്നതിന് മുമ്പ് എനിക്ക് മൂന്ന് കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് വ്യക്തമാകേണ്ടതുണ്ട്, സോക്രട്ടീസ് പ്രതികരിച്ചു. ഒന്നാമത്തെ കാര്യം, നിങ്ങള്‍ പറയാന്‍ പോകുന്നത് സത്യമാണോ അസത്യമാണോ? രണ്ടാമത്തെ ചോദ്യം, ഇത് പറയുന്നതുകൊണ്ട് നിങ്ങള്‍ക്കോ കേള്‍ക്കുന്നത് കൊണ്ട് എനിക്കോ പ്രത്യേകിച്ച് എന്തെങ്കിലും ഫലമുണ്ടോ? രണ്ട് ചോദ്യത്തിനും അദ്ദേഹം ഇല്ല എന്ന് മറുപടി നല്‍കി. മൂന്നാമത്തെ ചോദ്യം, താങ്കള്‍ പറയുന്ന കാര്യം നന്മയാണോ തിന്മയാണോ? തിന്മയാണ്- അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഈ സംസാരം കേള്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് സോക്രട്ടീസ് അദ്ദേഹത്തെ തിരിച്ചയച്ചു.

സംസാരം സത്യസന്ധമായിരിക്കുക, പ്രയോജനകരമായിരിക്കുക, നന്മ നിറഞ്ഞതാകുക എന്നീ മൂന്ന് കാര്യങ്ങളാണ് ഇതിലൂടെ ഗ്രഹിക്കാന്‍ സാധിക്കുന്നത്. സംസാരം സൂക്ഷ്മതയോടെയായിരിക്കണം. അതുകൊണ്ടാണ് നാവിനെ രണ്ട് ചുണ്ടുകളുടെയും പല്ലുകളുടെയും അകത്തായി സൂക്ഷിച്ചിരിക്കുന്നത്. നബി(സ) പറഞ്ഞു, എനിക്കേറ്റവും ഇഷ്ടം സല്‍സ്വഭാവിയെയാണ്. പരലോകത്ത് അവനായിരിക്കും എന്റെ തൊട്ടടുത്ത്. എന്നാല്‍ വാതോരാതെ സംസാരിക്കുന്നവരെയും നാക്കിട്ടലക്കുന്നവരെയും ഞാന്‍ ഏറെ വെറുക്കുന്നു. പരലോകത്ത് ഞാന്‍ അവരുമായി അകലം സ്ഥാപിക്കുകയും ചെയ്യും (തിര്‍മുദി).

അല്ലാഹുവിനെ ഭക്തിയോടെ സമീപിക്കണമെന്നും നല്ലത് സംസാരിക്കണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരു ഡോക്ടറുടെ സംസാരം നന്നായില്ലെങ്കില്‍ രോഗിക്ക് വിശ്വാസം നഷ്ടപ്പെടുകയും രോഗിക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. മയത്തോടെ സംസാരിക്കുമ്പോഴാണ് നമ്മുടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കാര്‍ കഴിയുക. കഠിനഹൃദയത്തിന്റെ ഉടമയായിരുന്ന ഫിര്‍ഔനിനെ മൃദുലമായ വാക്കുകള്‍ കൊണ്ട് സംബോധന ചെയ്യാനാണ് പ്രവാചകന്‍ മൂസാ(അ)നോട് അല്ലാഹു കല്‍പ്പിച്ചത്. നമ്മുടെ കുടുംബ ബന്ധങ്ങളിലും മറ്റും നമുക്ക് വിജയിക്കാന്‍ മൃദുലമായ സംസാരം അനിവാര്യമാണ്. ലളിതമായും സാവകാശത്തോടെയുമാണ് സംസാരിക്കേണ്ടത്. ആഇശ ബീവി (റ) പറയുന്നു: തിരുനബി(സ) നിങ്ങളെപ്പോലെ തുടരെത്തുടരെ സംസാരിക്കുന്നവരല്ല. മറ്റൊരിടത്ത് പറയുന്നു: പ്രവാചകരുടെ സംസാരത്തിലെ ഓരോ വാക്കും എണ്ണിയെടുക്കാമായിരുന്നു. മറ്റൊരാളുടെ സംസാരം കേള്‍ക്കാനുള്ള മനസ്സുണ്ടാകണം. നല്ല കേള്‍വിക്കാരനാകണം. സംസാരിക്കാനുള്ള നാവ് ഒന്ന് മാത്രമാണ് നല്‍കിയതെങ്കില്‍ കേള്‍ക്കാനുള്ള ചെവി രണ്ടെണ്ണമാണ് നല്‍കപ്പെട്ടത്. മറ്റൊരാളുടെ സംസാരത്തിനിടയില്‍ ചാടിക്കയറി സംസാരിക്കുകയോ തടസ്സം നില്‍ക്കുകയോ ചെയ്യരുത്. തന്നോട് വാഗ്വാദത്തിന് വന്ന വലീദ്ബ്നു മുഗീറയെ പോലും പ്രവാചകന്‍(സ) സശ്രദ്ധം കേട്ടു. അദ്ദേഹത്തിന്റെ സംസാരം കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) ചോദിച്ചു: അബുല്‍ വലീദ്, താങ്കളുടെ സംസാരം അവസാനിച്ചോ? വലീദിന്റെ സംസാരം പൂര്‍ത്തിയായതിന് ശേഷം നബി സംസാരിച്ചു. ഉച്ചത്തില്‍ സംസാരിക്കുന്ന മാതൃകയല്ല ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ലുഖ്മാന്‍(റ) മകന് നല്‍കുന്ന ഉപദേശം സൂറത്ത് ലുഖ്മാനില്‍ കാണാം. നീ നിന്റെ ശബ്ദം താഴ്ത്തി സംസാരിക്കുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ വെറുപ്പുളവാകുന്നത് കഴുതയുടെ ശബ്ദമാണ്. (ലുഖ്മാന്‍ 19). ശബ്ദം ഉയരുന്നതിനനുസരിച്ച് അതിന്റെ സൗന്ദര്യം കെട്ടുപോകും. പിന്നീടത് ശ്രോതാവിന് അരോചകമായിത്തീരും. വാതോരാതെ സംസാരിക്കുന്നത് അനുചിതമാണ്. പല രഹസ്യങ്ങളും വാതോരാതെ സംസാരിക്കുന്നവര്‍ പുറത്തു പറയാറുണ്ട്. അത് നമ്മുടെ തന്നെ ഭാവി ജീവിതത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കും. മിതഭാഷി തന്റെ വ്യക്തിത്വത്തെയും നിലവാരത്തെയും കാത്തുസൂക്ഷിക്കും. അതുകൊണ്ടാണ്, മൗനം ദീക്ഷിച്ചവന്‍ വിജയിച്ചുവെന്ന് പ്രവാചകന്‍ (സ) പറഞ്ഞത്. വാക്ക് കൊണ്ട് കുത്തിനോവിക്കുന്നത് ആയുധം കൊണ്ട് നോവിക്കുന്നതിനേക്കാള്‍ മാരകമാണ്. ഇങ്ങോട്ട് കയര്‍ത്തു സംസാരിക്കുന്നവരോട് പോലും സഹിഷ്ണുതയോടെ നേരിടാന്‍ കഴിയണം. അഖ്നഫ് ബിന്‍ ഖൈസിനോടൊരാള്‍ പറഞ്ഞു: നിങ്ങള്‍ ഒരു വാക്ക് പറഞ്ഞാല്‍ ഞാന്‍ പത്ത് വാക്ക് തിരിച്ചു പറയും. അഖ്ന ഫ്(റ) പറഞ്ഞു: നിങ്ങള്‍ പത്ത് വാക്ക് പറഞ്ഞാലും എന്നില്‍ നിന്ന് ഒരു വാക്ക് പോലും നിങ്ങള്‍ കേള്‍ക്കില്ല.

 

Latest