International
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി അടച്ചതോടെ പാകിസ്താനില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു; തക്കാളി കിലോക്ക് 600 രൂപ
അതിര്‍ത്തിയുടെ ഇരുവശത്തുമായി ഏകദേശം 5,000 കണ്ടെയ്നറുകള്‍ കുടുങ്ങിക്കിടക്കുന്നു
കാബൂള്‍ | പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചു. പാകിസ്താനില്‍ തക്കാളിയുടെ വില അഞ്ചിരട്ടിയായാണ് വര്‍ധിച്ചത്.
അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലും പാകിസ്താന്‍ വ്യോമാക്രമണത്തിലും ഇരുവശത്തുമായി ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 11 മുതല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി ക്രോസിംഗുകള്‍ അടഞ്ഞു കിടക്കുകയാണ്. 2021-ല്‍ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ സംഘര്‍ഷമാണിത്.
പോരാട്ടം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ എല്ലാ വ്യാപാര, ട്രാന്‍സിറ്റ് പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടതായി കാബൂളിലെ പാക്-അഫ്ഗാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി ഖാന്‍ ജാന്‍ അലോകോസെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഓരോ ദിവസം കഴിയുമ്പോഴും ഇരുവശത്തും ഏകദേശം 1 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ 2.3 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാരത്തില്‍ ഭൂരിഭാഗവും.
പാകിസ്താനില്‍ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400% ലധികം വര്‍ദ്ധിച്ച് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാന്‍ രൂപ ആയി. അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്.
അതിര്‍ത്തിയുടെ ഇരുവശത്തുമായി ഏകദേശം 5,000 കണ്ടെയ്നറുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ്രതോര്‍ഖാം അതിര്‍ത്തി ക്രോസിംഗിലെ ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കമ്പോളത്തില്‍ തക്കാളി, ആപ്പിള്‍, മുന്തിരി എന്നിവക്ക് ക്ഷാമം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യം ഖത്തറും തുര്‍ക്കിയും മധ്യസ്ഥത വഹിച്ച ചര്‍ച്ചകളില്‍ വെടിനിര്‍ത്തലിന് ധാരണയായിട്ടുണ്ട്. അത് നിലനില്‍ക്കുന്നുണ്ടെങ്കിലും അതിര്‍ത്തി വ്യാപാരം ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്.



