International
ചാരവൃത്തി കേസില്‍ ആഷ്‌ലി ടെല്ലിസിന് ജാമ്യം; വീട്ട് തടങ്കലിലേക്ക് മാറ്റി
സ്വന്തം ബേസ്‌മെന്റില്‍ ആയിരത്തിലധികം പേജുകളുള്ള രഹസ്യരേഖകള്‍ സൂക്ഷിച്ചുവെന്നാണ് കേസ്
വാഷിങ്ടണ്‍ | ചാരവൃത്തി കേസില്‍ ഇന്ത്യന്‍-അമേരിക്കന്‍ പണ്ഡിതന്‍ ആഷ്ലി ടെല്ലിസിന് യുഎസ് കോടതി വിചാരണയ്ക്ക് മുന്‍പുള്ള ജാമ്യം അനുവദിച്ചു. സ്വന്തം ബേസ്‌മെന്റില്‍ ആയിരത്തിലധികം പേജുകളുള്ള രഹസ്യരേഖകള്‍ സൂക്ഷിച്ചുവെന്നാണ് കേസ്.
കഴിഞ്ഞയാഴ്ച എഫ്ബിഐ ആഷ്‌ലിയുടെ വിയന്നയിലുള്ള വസതിയില്‍ നടത്തിയ തിരച്ചിലില്‍, ബേസ്‌മെന്റിലെ ഹോം ഓഫീസില്‍ നിന്ന് ആയിരത്തിലധികം പേജുകളുള്ള അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം അറസ്റ്റിലായത്.
തുടര്‍ന്ന്, ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ചതിന് ക്രിമിനല്‍ പരാതി പ്രകാരം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയായിരുന്നു . കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.വിര്‍ജീനിയ ജില്ലാ കോടതി ജഡ്ജിക്ക് മുന്നില്‍ നടന്ന പ്രാഥമിക ഹാജരാക്കലില്‍, അറസ്റ്റിന് ശേഷം ടെല്ലിസ് അന്വേഷകരുമായി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ ജയിലില്‍ നിന്ന് വീട്ട്തടങ്കലില്‍ വിട്ടയച്ചു.
വാഷിംഗ്ടണിലെ വിദേശനയ സ്ഥാപനങ്ങളില്‍ ആദരണീയനായ വ്യക്തിത്വമാണ് ടെല്ലിസ്. നിലവില്‍ അദ്ദേഹം കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ സീനിയര്‍ ഫെല്ലോ ആണ്. അന്താരാഷ്ട്ര സുരക്ഷ, പ്രതിരോധം, ഏഷ്യന്‍ തന്ത്രപ്രധാന വിഷയങ്ങള്‍ എന്നിവയില്‍ അദ്ദേഹം വിദഗ്ധനാണ്. മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ കീഴില്‍ അദ്ദേഹം ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓണറേറിയം ഇല്ലാത്ത ഉപദേഷ്ടാവായി തുടരുകയും ചെയ്തിരുന്നു.



