Kerala
പരാജയ കാരണങ്ങള്‍ പരിശോധിച്ച് തിരുത്തും; തുടര്‍ ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴുമുണ്ടെന്നും എം വി ഗോവിന്ദന്‍
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റുംവിധം ബിജെപി വളര്‍ന്നുവെന്ന മാധ്യമ ആഖ്യാനവും വസ്തുതയല്ലെന്നും എം വി ഗോവിന്ദന്‍
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങള്‍ സിപിഐ എമ്മും എല്‍ഡിഎഫും വിശദമായി പരിശോധിക്കുമെന്നും ആവശ്യമായവ തിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ .സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അടിത്തറ തകര്‍ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും തെറ്റാണ്. ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും കണക്കുകള്‍ മുന്നോട്ട് വെച്ച് എം വി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റുംവിധം ബിജെപി വളര്‍ന്നുവെന്ന മാധ്യമ ആഖ്യാനവും വസ്തുതയല്ലെന്നും എം വി ഗോവിന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചു. അപ്രതീക്ഷിതമായ പരാജയമാണ് എല്‍ഡിഎഫിനുണ്ടായത്. അത് തുറന്നുസമ്മതിക്കാന്‍ ഒരു മടിയുമില്ല. പരാജയകാരണങ്ങള്‍ എന്തെന്ന് സിപിഐ എമ്മും എല്‍ഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യും.യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചതോടെ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അടിത്തറ തകര്‍ന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാന്‍ കഴിയില്ല. വിശ്വാസിസമൂഹവും ന്യൂനപക്ഷവും എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തുവെന്ന വലതുപക്ഷ മാധ്യമ ആഖ്യാനവും വസ്തതകളുമായി ബന്ധമില്ലാത്തതാണ്. അതുപോലെതന്നെ ആഞ്ഞുവീശിയത് ഭരണവിരുദ്ധ വികാരമാണെന്ന പ്രചാരണവും.പത്ത് വര്‍ഷമായി ഭരിക്കുന്ന എല്‍ഡിഎഫിന് വോട്ടു കുറഞ്ഞെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ മറികടക്കാനും അടിത്തറ ഭദ്രമാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുന്‍തൂക്കം നേടിയെങ്കിലും ജില്ലാ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പമാണ്. ഏഴ് വീതം ജില്ലകളില്‍ ഇരുമുന്നണികളും വിജയിച്ചു.തിരുവനന്തപുരം കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേന്ദ്രഭരണത്തിന്റെയും പണത്തിന്റെയും പിന്തുണയുണ്ടായിട്ടും അവകാശവാദങ്ങള്‍ക്ക് അനുസരിച്ച് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുത്താന്‍ ബിജെപിക്ക് ആയില്ല.
ജില്ലാ പഞ്ചായത്തില്‍ നേട്ടം
ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ പ്രധാനമായും നിര്‍ണയിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലം ഒഴിച്ച് 19ഉം നഷ്ടപ്പെട്ട എല്‍ഡിഎഫ് ഏഴ് ജില്ലാ പഞ്ചായത്തില്‍ ഭരണം നേടിയത് നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനായതിന്റെ ലക്ഷണമാണ്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കാക്കിയാല്‍ 110 നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 75-80 ആയി കുറഞ്ഞുവെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ പറഞ്ഞു. 19 സീറ്റില്‍മാത്രം മുന്നിലായിരുന്ന എല്‍ഡിഎഫ് 58 സീറ്റില്‍ ഇപ്പോള്‍ മുന്നിലെത്തിയെന്ന് യുഡിഎഫ് പത്രം മലയാള മനോരമ തന്നെ റിപ്പോര്‍ട്ട് ചെയ്തു. മാതൃഭൂമി അത് 59 ആയി ഉയര്‍ത്തി.ഞാന്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പില്‍ യുഡിഎഫ് മുന്നിലാണെന്ന് മനോരമ പറയുമ്പോള്‍ മാതൃഭൂമി പറയുന്നത് എല്‍ഡിഎഫ് ആണെന്നാണ്. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ വോട്ട് കൂടി കണക്കാക്കിയാല്‍ ഭൂരിപക്ഷത്തിന്റെ തോത് വീണ്ടും വര്‍ധിക്കും.അതായത് കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ 64 സീറ്റ് വരെ എല്‍ഡിഎഫിനാണ്. ഇത് സൂചിപ്പിക്കുന്നത് എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണ്.ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ല എന്ന് ഇടതുപക്ഷ വിരുദ്ധരെ വിനീതമായി ഓര്‍മിപ്പിക്കട്ടെ. ഒരുപാട് തിരിച്ചടികളും തോല്‍വികളും കടന്നാണ് സിപിഐ എമ്മും ഇടതുപക്ഷവും ഇന്നത്തെ അവസ്ഥയില്‍ എത്തിയത്.ഉദാഹരണത്തിന് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 40 സീറ്റാണ് ലഭിച്ചത്. അന്നും സിപിഎമ്മും ഇടതുപക്ഷവും തകര്‍ന്നുവെന്ന ആഖ്യാനം വലതുപക്ഷം ഉയര്‍ത്തി. എന്നാല്‍ 2006ല്‍ 98 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തോല്‍വിയുണ്ടായി. ആറു ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് ലഭിച്ചത്.ബ്ലോക്ക് പഞ്ചായത്തുകള്‍ 59ഉം ഗ്രാമ പഞ്ചായത്തുകളില്‍ 360ഉം മുനിസിപ്പാലിറ്റികളില്‍ 17ഉം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ലഭിച്ചതിനെക്കാളും വോട്ട് കുറവായിരുന്നിട്ടും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത് വെറും രണ്ട് സീറ്റിനായിരുന്നു. ഇരട്ടിശക്തിയോടെ തിരിച്ചുവരാനുള്ള കരുത്ത് കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ട്.?എന്തുവിലകൊടുത്തും എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന നയമാണ് യുഡിഎഫും ബിജെപിയും കൈക്കൊണ്ടത്. 10 വര്‍ഷമായി സംസ്ഥാനത്തും 11 വര്‍ഷമായി കേന്ദ്രത്തിലും ഭരണമില്ലാത്ത കോണ്‍ഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിലും തോറ്റാല്‍ അടിത്തറ ഇളകും. അതിനാല്‍ വര്‍ഗീയ- തീവ്രവാദ കക്ഷികളായ ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും സഖ്യത്തിലാണ് 400ഓളം തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസും ബിജെപിയും പരസ്പരധാരണയുണ്ടായിരുന്നു.തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച 41 സീറ്റില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപി ജയിക്കുകയും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്ത 25 സീറ്റില്‍ യുഡിഎഫിന് ലഭിച്ചത് ആയിരം വോട്ടില്‍ താഴെയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് ബിജെപിയാണെങ്കിലും ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് എല്‍ഡിഎഫാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തായ എല്‍ഡിഎഫ് ഇത്തവണ 1,67,522 വോട്ട് നേടി ഒന്നാമതെത്തി. അന്ന് ഒന്നാംസ്ഥാനത്തായിരുന്ന ബിജെപി രണ്ടാംസ്ഥാനത്തായി.എല്‍ഡിഎഫിന്റെ കോട്ടകള്‍ തകര്‍ന്നടിഞ്ഞു എന്ന് വിലയിരുത്തുന്നവര്‍ അറിയാനായി ചില ഉദാഹരണങ്ങള്‍ പറയാം. 1964മുതല്‍ പ്രതിപക്ഷമില്ലാതെ സിപിഐ എമ്മും എല്‍ഡിഎഫും ഭരിക്കുന്ന ആന്തൂരില്‍ (2015ലാണ് മുനിസിപ്പാലിറ്റിയായത്) 29ല്‍ 29 സീറ്റും എല്‍ഡിഎഫ് ഇക്കുറിയും നേടി. അഞ്ച് സീറ്റില്‍ എതിരില്ല. (സംസ്ഥാനത്ത് 15 സീറ്റില്‍ എല്‍ഡിഎഫിന് എതിരില്ല) കണ്ണൂരില്‍ 10 തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിന് പ്രതിപക്ഷമില്ല. കാസര്‍കോട്ടെ പിലിക്കോടും പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തിലും എല്‍ഡിഎഫ് എല്ലാ സീറ്റും നേടി.
എല്‍ഡിഎഫ് നേട്ടമുണ്ടാക്കി
ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പല തദ്ദേശ സ്ഥാപനങ്ങളിലും എല്‍ഡിഎഫ് ഇക്കുറി വിജയിച്ചു. നേരത്തേ ഞാന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കട്ടെ. മലപ്പുറം ജില്ലയില്‍ 10 ലക്ഷത്തിലേറെ വോട്ടുകള്‍ എല്‍ഡിഎഫ് നേടി എന്നത് കള്ളപ്രചാരണം നടത്തുന്നവര്‍ മനസ്സിലാക്കണം.ആര്‍എസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വര്‍ഗീയനയങ്ങളെ ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. അതിനിയും തുടരും. ആര്‍എസ്എസിനെ എതിര്‍ക്കുന്നതിന്റെ അര്‍ഥം ഹിന്ദുക്കളെ എതിര്‍ക്കുന്നുവെന്നല്ല. ഹിന്ദുത്വ വര്‍ഗീയതയെയാണ് എതിര്‍ക്കുന്നത്. അതുപോലെ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നതിന്റെ അര്‍ഥം മുസ്ലിങ്ങളെ എതിര്‍ക്കുന്നുവെന്നല്ല. മുസ്ലിങ്ങളിലെ വര്‍ഗീയവാദികളോട് മാത്രമാണ് എതിര്‍പ്പ്. എന്നാല്‍ വര്‍ഗീയതയെ എതിര്‍ക്കുന്നത് മതത്തെ എതിര്‍ക്കുകയാണെന്ന വ്യാഖ്യാനം ചമയ്ക്കുന്നത് ഇതേ വര്‍ഗീയവാദികള്‍ തന്നെയാണ്. അത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം.കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റുംവിധം ബിജെപി വളര്‍ന്നുവെന്ന മാധ്യമ ആഖ്യാനവും വസ്തുതയല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 ഗ്രാമപഞ്ചായത്ത് എന്നത് ബിജെപി ഇക്കുറി 26 ആയി ഉയര്‍ത്തിയെന്നത് ശരിയാണ്. എന്നാല്‍ കഴിഞ്ഞ തവണ ഭരിച്ച പന്തളം മുനിസിപ്പാലിറ്റി ഇക്കുറി അവര്‍ക്ക് നഷ്ടമായി. എല്‍ഡിഎഫ് ആണ് ഭരണം പിടിച്ചത്.കഴിഞ്ഞ തവണ ഭരിച്ച പാലക്കാടും പുതുതായി തൃപ്പൂണിത്തുറയിലും ഏറ്റവും വലിയ കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. ശബരിമല സ്വര്‍ണപാളി വിഷയം ഉയര്‍ത്തി വന്‍പ്രചാരണം നടത്തിയ ബിജെപിക്ക് ശബരിമലയിലും പരിസരത്തും ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ കനത്ത തിരിച്ചടി ലഭിച്ചു.ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന റാന്നിയിലെ പെരുനാട് പഞ്ചായത്തിലെ വാര്‍ഡില്‍ വിജയിച്ചത് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥിയാണ്. ഇവിടെയും ബിജെപി മൂന്നാംസ്ഥാനത്താണ്. പെരുനാട് പഞ്ചായത്ത് ഭരണം തുടര്‍ച്ചയായി രണ്ടാംതവണയും എല്‍ഡിഎഫിന് ലഭിച്ചു. സന്നിധാനം ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ ചിറ്റാറിലും എല്‍ഡിഎഫാണ് വിജയിച്ചത്.സമീപ പഞ്ചായത്തുകളായ കുളനട, ചെറുകോല്‍, മുത്തോലി പഞ്ചായത്ത് ഭരണവും എന്‍ഡിഎയ്ക്ക് നഷ്ടമായി. വിശ്വാസിസമൂഹം എല്‍ഡിഎഫിനെതിരാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണിത്. ഗുരുവായൂര്‍ ക്ഷേത്രമുള്ള മുനിസിപ്പാലിറ്റിയിലും പറശിനി മഠപ്പുര സ്ഥിതിചെയ്യുന്ന വാര്‍ഡിലും തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രമുള്ള വാര്‍ഡിലും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആണ് വിജയിച്ചത്.ബിജെപിയെ പ്രതിരോധിക്കും .ബിജെപി ആദ്യമായി ലോക്സഭാ സീറ്റ് നേടിയ തൃശൂരിലും വലിയ മുന്നേറ്റം നടത്തിയ ആലപ്പുഴയിലും അവര്‍ക്ക് അത് നിലനിര്‍ത്താനായില്ല. സുരേഷ്‌ഗോപി വന്‍ പ്രചാരണം നടത്തിയിട്ടും തൃശൂര്‍ കോര്‍പറേഷനില്‍ രണ്ട് സീറ്റ് വര്‍ധിപ്പിച്ച് എട്ട് സീറ്റ് നേടാനേ ബിജെപിക്കായുള്ളൂ.കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി പിടിക്കുമെന്ന് വീമ്പടിച്ച സുരേഷ് ഗോപിക്ക് അതും വിഴുങ്ങേണ്ടി വന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി ലഭിച്ചത് കാസര്‍കോട്ടെ ബദിയടുക്ക മാത്രമാണ്.10000 വാര്‍ഡുകളില്‍ 25 ശതമാനം വോട്ട് എന്ന ലക്ഷ്യവുമായി പ്രചാരണം ആരംഭിച്ച ബിജെപിക്ക് 1500ഓളം വാര്‍ഡില്‍ മാത്രമാണ് ജയിക്കാനായത്.ബിജെപി ഇപ്പോഴും കേരളത്തിന് എളുപ്പം സ്വീകരിക്കാവുന്ന പാര്‍ടിയായി മാറിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മത വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ സിപിഐ എമ്മും എല്‍ഡിഎഫും നടത്തുന്ന ചെറുത്തുനില്‍പ്പാണ് കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത്.




