Kerala
അങ്കണ്‍വാടിയില്‍ കടന്നല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്ക്
ഓടിയ കുട്ടികളെ പൊതിഞ്ഞു പിടിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെല്‍പ്പര്‍ ശോഭനയെ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചു
തൃശൂര്‍ | അങ്കണവാടിയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക്. വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പര്‍ അങ്കണ്‍വാടിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കുട്ടികള്‍ക്കും അങ്കണവാടി ഹെല്‍പ്പര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍പ്പടെ എട്ട് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു.
കടന്നല്‍ കുത്തേറ്റ അഞ്ച് കുട്ടികള്‍, അങ്കണവാടി ഹെല്‍പ്പര്‍ പുതുരുത്തി സ്വദേശിനി പാമ്പും കാവില്‍ വീട്ടില്‍ ശോഭന(56), പ്രദേശവാസികളായ ആശാവര്‍ക്കര്‍ ബോബി വര്‍ഗീസ് (55) , ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവരെ നാട്ടുകാര്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസമയം ഏഴ് കുട്ടികളാണ് അങ്കണവാടിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കടന്നലുകള്‍ ആക്രമിച്ചത്. ഓടിയ കുട്ടികളെ പൊതിഞ്ഞു പിടിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെല്‍പ്പര്‍ ശോഭനയെ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചു. റോഡിലേക്ക് ഓടിയിറങ്ങിയ ഇവര്‍ സമീപത്തെ കാനയില്‍ വീണു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരില്‍ ചിലര്‍ക്കും കടന്നല്‍ കുത്തേറ്റു.



