Kerala
കടമെടുപ്പ് പരിധിയില്‍ നിന്ന് 5900 കോടി കൂടി കുറച്ച് കേന്ദ്രം, സര്‍ക്കാറിന് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും; കെ എന്‍ ബാലഗോപാല്‍
കേന്ദ്ര നടപടി എല്ലാ മേഖലയെയും ബാധിക്കും. ഇതില്‍ വലിയ പ്രതിഷേധം ഉയരണം.
തിരുവനന്തപുരം| കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ ഓരോ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം പിന്മാറുകയാണെന്ന് ബാലഗോപാല്‍ പറഞ്ഞു. കടമെടുപ്പ് പരിധിയില്‍ നിന്ന് 5900 കോടി രൂപ കൂടി കേന്ദ്രം കുറച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും. സംസ്ഥാന സര്‍ക്കാരിനെ ഇതുപോലെ ശ്വാസംമുട്ടിച്ച സന്ദര്‍ഭമുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫിസ്‌കല്‍ ഫെഡറലിസത്തെ കേന്ദ്രം തകര്‍ക്കുകയാണ്. സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുകയാണ്. സാധാരണക്കാരുടെ പണം എടുത്തിട്ട് വന്‍കിടക്കാര്‍ക്ക് കൊടുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. 25000 കോടി രൂപ അഞ്ച് വര്‍ഷം കൊണ്ട് കുറഞ്ഞുവെന്നും ഈ വര്‍ഷം മാത്രം 17,000 കോടി രൂപ കുറഞ്ഞുവെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര നടപടി എല്ലാ മേഖലയെയും ബാധിക്കും. ഇതില്‍ വലിയ പ്രതിഷേധം ഉയരണം.
പാരഡി പാട്ടിനെക്കുറിച്ച് മറുപടി പറയാനില്ല. ജനങ്ങളുടെ മനസില്‍ പാര്‍ട്ടിയെക്കുറിച്ച് ചില തെറ്റിധാരണകള്‍ ഉണ്ട്. ജനങ്ങളിലേക്കിറങ്ങി ഇടതുപക്ഷം അത് തിരുത്തുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.




