Connect with us

International

ഇന്ത്യ-ഒമാൻ സാമ്പത്തിക നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉടൻ

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ തീരുമാനം

Published

|

Last Updated

മസ്കറ്റ് | ഒമാനുമായുള്ള ഇന്ത്യയുടെ സാമ്പത്തിക-നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മസ്കറ്റിൽ നടന്ന ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യയുടെ സാമ്പത്തിക ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്നും ലോകത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ കേന്ദ്രമായി ഭാരതം മാറിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിക്ഷേപകർ നേരിട്ടിരുന്ന ചുവപ്പുനാട സമ്പ്രദായം ഒഴിവാക്കി അവർക്കായി ചുവപ്പ് പരവതാനി വിരിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഡിജിറ്റൽ വിപ്ലവവും അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യയെ ആഗോള വിതരണ ശൃംഖലയിലെ അവിഭാജ്യ ഘടകമാക്കി മാറ്റി. ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖയിസ് അൽ യൂസഫുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായി സംവദിക്കുകയും ചെയ്തു.

ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉടൻ യാഥാർത്ഥ്യമാകും. ഇതോടെ വ്യാപാര നികുതികൾ കുറയുകയും ഉഭയകക്ഷി വ്യാപാരം ശക്തമാവുകയും ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷിക വേളയിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ തീരുമാനമായി.

ഗ്രീൻ ഹൈഡ്രജൻ, ചരക്ക് നീക്കം തുടങ്ങിയ മേഖലകളിൽ സംയുക്ത സംരംഭങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് ഒമാൻ വാണിജ്യ മന്ത്രി ഖയിസ് അൽ യൂസഫ് ചൂണ്ടിക്കാട്ടി. ജോർദാൻ, എത്യോപ്യ സന്ദർശനങ്ങൾക്ക് ശേഷം ഒമാനിലെത്തിയ പ്രധാനമന്ത്രിക്ക് മസ്കറ്റിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

നിരവധി പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, പ്രമുഖ വ്യവസായി യൂസഫലി എം എ. ഇന്ത്യൻ സ്ഥാനപതി തുടങ്ങിയവരും ബിസിനസ് ഫോറത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകർക്ക് ഒമാൻ നൽകുന്ന മുൻഗണനയും പ്രത്യേക പരിഗണനയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് വരും വർഷങ്ങളിൽ കൂടുതൽ കരുത്തുപകരും.

 

---- facebook comment plugin here -----

Latest