Connect with us

Kuwait

കുവൈത്ത്; കാൽനട യാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ മുനിസിപ്പൽ കൗൺസിൽ പുതിയ നിർദേശങ്ങൾ

കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കൂടുതൽ പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കണമെന്നതാണ് പദ്ധതിയിലെ പ്രധാന ആവശ്യം.

Published

|

Last Updated

കുവൈത്ത് സിറ്റി|കുവൈത്തിലെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുനിസിപ്പൽ കൗൺസിലിൽ പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചു. റോഡ് മുറിച്ചുകടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുന്നതിനും ആയിട്ടാണ് സമഗ്രമായ പദ്ധതി സമർപ്പിച്ചത്. കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കൂടുതൽ പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കണമെന്നതാണ് പദ്ധതിയിലെ പ്രധാന ആവശ്യം. നിലവിൽ പലസ്ഥലങ്ങളിലും ഇത്തരം സൗകര്യങ്ങളുടെ കുറവ് മൂലം ആളുകൾ അപകടകരമായ രീതിയിൽ റോഡ് മുറിച്ച് കടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നീക്കം.
പ്രധാനപ്പെട്ടതും തിരക്കേറിയതും ആയ റോഡുകളിലും ജംഗ്ഷനുകളിലും മുൻഗണന ക്രമത്തിൽ ആധുനിക രീതിയിലുള്ള നടപ്പാലങ്ങൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രായമായവർക്കും ശാരീരികമായ വെല്ലുവിളികൾ നേരിടുന്നവർക്കും എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ലിഫ്റ്റുകളോ, എക്സലേറ്ററുകളോടുകൂടിയ പാലങ്ങളോ നിർമ്മിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. അതുപോലെ രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്ക് വ്യക്തമായ കാഴ്ച ലഭിക്കുന്നതിനായി ക്രോസിങ്ങുകളിൽ പ്രത്യേക ലൈറ്റുകൾ സ്ഥാപിക്കണം റോഡ് മുറിച്ചുകിടക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങളുടെ വേഗത കുറക്കുന്നതിനുള്ള സംവിധാനങ്ങളും ഇതിനുവേണ്ടി മുന്നറിയിപ്പ് ബോർഡുകളും വർദ്ധിപ്പിക്കണം.
വാഹന യാത്രികരുടെയും കാൽനട യാത്രക്കാരുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്നതിലൂടെ രാജ്യത്തെ ട്രാഫിക് അപകടങ്ങൾ വലിയ തോതിൽ കുറക്കാൻ കഴിയുമെന്നാണ് ഇതോടെ പ്രതീക്ഷിക്കുന്നത്. പ്രസ്തുത നിർദ്ദേശങ്ങൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ പഠന വിധേയമാക്കിയ ശേഷം കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കുമെന്നും നഗരാസൂത്രണത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ എന്നും കൗൺസിൽ അംഗം പറഞ്ഞു.

Latest