Uae
ദുബൈയിൽ ടാക്‌സി നിരക്ക് വർധിപ്പിച്ചു; ആപ്പുകൾ വഴി ബുക്ക് ചെയ്യുന്നതിന് പുതിയ നിരക്ക്
മിനിമം നിരക്ക് 13 ദിർഹമായി
ദുബൈ | ഇ-ഹെയിൽ സ്മാർട്ട് ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന യാത്രകൾക്ക് പുതിയ ടാക്‌സി നിരക്കുകൾ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) പ്രഖ്യാപിച്ചു. മിനിമം ടാക്‌സി നിരക്ക് 12 ദിർഹമിൽ നിന്ന് 13 ദിർഹമായി ഉയർത്തി. ആഴ്ചയിലെ ദിവസങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്ന പുതിയ പീക്ക് അവർ നിരക്കുകളും ബുക്കിംഗ് ഫീസുകളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ 9.59 വരെയും വൈകുന്നേരം നാല് മുതൽ 7.59 വരെയുമാണ് പീക്ക് അവറുകൾ. ഈ സമയങ്ങളിൽ, യാത്രക്കാർ ദൂരം പരിഗണിക്കാതെ, യാത്രയുടെ തുടക്കത്തിൽ അഞ്ച് ദിർഹം ഫ്ലാഗ്ഫാൾ, 7.5 ദിർഹം പീക്ക് അവർ സർചാർജ് എന്നിവ നൽകേണ്ടിവരും.
പീക്ക് അല്ലാത്ത സമയങ്ങളിൽ ഫ്ലാഗ്ഫാൾ അഞ്ച് ദിർഹമായും പീക്ക് അവർ സർചാർജ് നാല് ദിർഹമായും തുടരും. രാത്രി യാത്രക്കാർക്ക് 5.5 ദിർഹം ഫ്ലാഗ്ഫാൾ, 4.5 ദിർഹം സർചാർജ് എന്നിങ്ങനെയാണ് നിരക്ക്. വെള്ളിയാഴ്ച, പീക്ക് അവറുകൾ രാവിലെ എട്ട് മുതൽ 9.59 വരെയും വൈകുന്നേരം നാല് മുതൽ 9.59 വരെയും ആണ്. ഈ സമയങ്ങളിലും അഞ്ച് ദിർഹം ഫ്ലാഗ്ഫാളും 7.5 ദിർഹം സർചാർജും ബാധകമാകും. രാത്രി പത്ത് മുതൽ 11.59 വരെ ഫ്ലാഗ്ഫാൾ 5.5 ദിർഹമായിരിക്കും.
വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ, വൈകുന്നേരം നാല് മുതൽ 9.59 വരെയും രാത്രി പത്ത് മുതൽ 11.59 വരെയും പീക്ക് അവറുകളാണ്. നാല് മുതൽ 9.59 വരെയുള്ള സമയത്ത് ഫ്ലാഗ്ഫാൾ 5 ദിർഹമായും പത്ത് മുതൽ 11.59 വരെ 5.5 ദിർഹമായും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഈ രണ്ട് സമയങ്ങളിലും 7.5 ദിർഹമാണ് പീക്ക് അവർ ഫീസ്. വാരാന്ത്യങ്ങളിൽ പീക്ക് അല്ലാത്ത സമയങ്ങളിൽ ഫ്ലാഗ്ഫാൾ അഞ്ച് ദിർഹവും സർചാർജ് നാല് ദിർഹവുമായി തുടരും. അർധരാത്രി മുതൽ രാവിലെ 5.59 വരെയുള്ള രാത്രി യാത്രക്കാർക്ക് 5.5 ദിർഹം ഫ്ലാഗ്ഫാൾ, 4.5 ദിർഹം സർചാർജ് എന്നിങ്ങനെയാണ് നിരക്ക്.



