Kerala
പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരം; തെരുവില്‍ പ്രതിഷേധത്തിനൊരുങ്ങി എഐഎസ്എഫ്
ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നു എ ഐ എസ് എഫ്
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ പി എം ശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനെതിരെ തെരുവില്‍ പ്രതിഷേധിക്കുമെന്ന് എഐഎസ്എഫ്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്നും എഐഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ സിപിഐ നിലപാട് കടുപ്പിച്ചതിന് പിറകെയാണ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫും തെരുവില്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. സംഘ പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതി ശക്തമായ സമരങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സര്‍ക്കാരിന്റെ വിദ്യാര്‍ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഉയരുമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ അധിന്‍ എന്നിവര്‍ അറിയിച്ചു.
പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യാഴാഴ്ച പ്രതികരിച്ചിരുന്നു. വിഷയം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.



