Connect with us

Kerala

ഇടതുപക്ഷം പോകേണ്ട വഴി ഇതല്ല, മുന്നണിയില്‍ തുടരുമോ എന്നത് സെക്രട്ടേറിയേറ്റ് കൂടിയ ശേഷം പ്രതികരിക്കാം; പിഎം ശ്രീയില്‍ സ്വരം കടുപ്പിച്ച് സിപിഐ

പദ്ധതിയുടെ ഭാഗമായതിനെ മുന്നണി മര്യാദയുടെ ലംഘനം തന്നെയായാണ് കണക്കാക്കുന്നത് . ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  പാര്‍ട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ കേന്ദ്ര സര്‍ക്കാറിന്റെ പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് സിപിഐ. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായതിനെ മുന്നണി മര്യാദയുടെ ലംഘനം തന്നെയായാണ് കണക്കാക്കുന്നത് . ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മുന്നണിയില്‍ തുടരുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, അതൊക്കെ 12.30ന് സെക്രട്ടേറിയേറ്റ് യോഗം കഴിഞ്ഞ് പറയാം എന്നും ബിനോയ് വിശ്വം പ്രതികരിച്ചു

പി എം ശ്രീ പദ്ധതിയുടെ ഭാഗമാകരുത് എന്നു തന്നെയായിരുന്നു സിപിഐ നിലപാട്. മന്ത്രിസഭയിലും എല്‍ഡിഎഫിലും പാര്‍ട്ടി ഈ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പ് മുഖവിലക്കെടുക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിക്കായി ഒപ്പിട്ടത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ വെള്ളിയാഴ്ച അടിയന്തര സെക്രട്ടേറിയറ്റ് ചേരുന്നത്. ഇതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നാണ് ബിനോയ് വിശ്വം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐക്ക് കനത്ത പ്രഹരമാണ് സര്‍ക്കാര്‍ നടപടി. മുന്നണിയില്‍ പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിച്ചുവെന്ന തോന്നലാണ് പൊതുവെ ഉടലെടുത്തിരിക്കുന്നത. പി എം ശ്രീ പദ്ധതിക്കെതിരെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫും രംഗത്തെത്തിയിട്ടുണ്ട്. തെരുവില്‍ പ്രതിഷേധിക്കുമെന്നാണ് എഐഎസ്എഫ് വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest