Articles
ഇന്ത്യ ട്രംപിന് വഴങ്ങുന്നു
റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാല്‍ റഷ്യയുടെ സൗഹൃദം നഷ്ടപ്പെടുന്നതിനോടൊപ്പം അത് രാജ്യത്തിന് മേല്‍ വന്‍ സാമ്പത്തിക ബാധ്യത കെട്ടിവെക്കലുമായിരിക്കും.
റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് വഴങ്ങുന്നു. ഡല്‍ഹിയിലെ ഏമാന്മാര്‍ക്ക് പുളകിതരാകാന്‍, മോദി തന്റെ പ്രിയ സുഹൃത്താണെന്ന് ട്രംപ് ആവര്‍ത്തിക്കുന്നത് കേട്ടാല്‍ മതിയാകും. രണ്ടാമത് അധികാരമേറ്റതിനു ശേഷം ട്രംപ് ഇന്ത്യക്ക് മേല്‍ അധികാരം സ്ഥാപിക്കാനും അധിക തീരുവ ചുമത്തി ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണത്താല്‍ അമേരിക്ക ഇന്ത്യക്കു മേലുള്ള ഇറക്കുമതി തീരുവ 25ല്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കുകയുണ്ടായി. അമേരിക്ക ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഇതിനെ തുടര്‍ന്ന് യു എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 20.3 ശതമാനം കുറഞ്ഞു. ട്രംപിന്റെ താരിഫ് ഭീഷണി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെയാണെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ ഡയറക്ടര്‍ അജയ് ശ്രീവാസ്തവ പറയുന്നു. വരും മാസങ്ങളില്‍ ഇതിന്റെ തോത് വര്‍ധിക്കുമെന്ന് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ആഴ്ച വൈറ്റ്ഹൗസില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മോദി തന്റെ മികച്ച സുഹൃത്താണെന്ന് ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. തുടര്‍ന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് ടെലഫോണ്‍ സംഭാഷണത്തില്‍ മോദി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയുടെ സൈനികശക്തിയെയും നയതന്ത്ര ശേഷിയെയും ചോദ്യം ചെയ്യും വിധം ഇന്ത്യ- പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് അവകാശപ്പെടുന്ന ട്രംപ്, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചെന്ന് സ്വയം പ്രഖ്യാപിക്കുകയാണ്. ഇക്കാര്യം പ്രധാനമന്ത്രി മോദി തന്നെ അറിയിച്ചുവെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യ- പാക് യുദ്ധത്തിന്റെ കാര്യത്തിലെന്ന പോലെ റഷ്യന്‍ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള ട്രംപിന്റെ അവകാശവാദവും നിഷേധിക്കാന്‍ മോദി തയ്യാറായിട്ടില്ല. ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതിവാര പത്രസമ്മേളനത്തില്‍ ട്രംപിന്റെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചത് ജാഗ്രതയോടെയാണ്. പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തിയിട്ടില്ല എന്ന ഒറ്റവാക്കില്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ മറുപടി ഒതുക്കി. ട്രംപ് കള്ളം പറയുകയാണെന്ന് തുറന്നുപറയാന്‍ മോദിക്കും കൂട്ടര്‍ക്കും സാധിക്കുന്നില്ല.
ഇന്ത്യന്‍ വിദേശകാര്യ വക്താവിന്റെ പത്രസമ്മേളനത്തിനു ശേഷവും വൈറ്റ്ഹൗസ് പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചക്കു ശേഷവും വൈറ്റ്ഹൗസില്‍ നടന്ന ദീപാവലി ചടങ്ങിലും ട്രംപ് ഇതാവര്‍ത്തിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കിയതായി ആറ് ദിവസത്തിനിടയില്‍ ട്രംപ് നാല് തവണ ആവര്‍ത്തിക്കുകയുണ്ടായി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയാണ്.
ഇന്ത്യ, യു എസുമായി വ്യാപാര ചര്‍ച്ചകള്‍ നടത്തുന്ന ഘട്ടത്തിലാണ് ട്രംപിന്റെ ഭീഷണി. എന്നിട്ടും ഇന്ത്യ വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ല എന്നത് ഗൗരവതരമാണ്. ഈ മൗനം മോദി സര്‍ക്കാര്‍ ട്രംപിന് കീഴടങ്ങുന്നതിന്റെ സൂചനയാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താനും അമേരിക്കയുടെ ഇറക്കുമതി തീരുവ കുറക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരികയാണ്. ഈ ധാരണ യാഥാര്‍ഥ്യമായാല്‍ റഷ്യന്‍ എണ്ണയിലൂടെ ഇന്ത്യക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക നേട്ടം ഇല്ലാതാകും. അമേരിക്ക ഇറക്കുമതി തീരുവ കുറക്കുന്നതോടെ അവ പരിഹരിക്കപ്പെടുമോ എന്ന് കണ്ടറിയണം. ഇതിനിടെ രണ്ട് റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. റഷ്യയുടെ രണ്ട് പ്രധാന എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നീ കമ്പനികള്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ എണ്ണ വാങ്ങുന്ന കമ്പനികളാണ് ഇവ രണ്ടും. ഈ കമ്പനികള്‍ക്കെതിരെയുള്ള ഉപരോധം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും.
റഷ്യന്‍ എണ്ണ വാങ്ങുക വഴി യുക്രൈനുമായി യുദ്ധം ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ ഇന്ത്യ സഹായിക്കുന്നു എന്നാണ് ട്രംപ് ആരോപിക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ചൈനയാണ്. എന്നാല്‍ റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവായ ചൈനക്ക് മേല്‍ അതിന്റെ പേരില്‍ യു എസ് തീരുവ ചുമത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത് 52.7 (46,000 കോടി രൂപ) ബില്യണ്‍ ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ്. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 37 ശതമാനം വരും. റഷ്യക്ക് പുറമെ ഇറാഖ്, സഊദി അറേബ്യ, യു എ ഇ, നൈജീരിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നു. അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 10 ശതമാനമാണ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നതോടെ ഇന്ത്യയുമായുള്ള തങ്ങളുടെ എണ്ണ വ്യാപാരം വിപുലപ്പെടുത്താം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. നേരത്തേ ബ്രസീല്‍, കുവൈത്ത്, മെക്സിക്കോ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിക്കുന്നതിന് മുമ്പ്, ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നത് ഇറാഖ്, സഊദി അറേബ്യ, യു എ ഇ, യു എസ് എ, ബ്രസീല്‍, കുവൈത്ത്, മെക്സിക്കോ, വെനിസ്വേല, നൈജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു. 2018 മുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വലിയ മാറ്റം വരുത്തി.
ഒരുകാലത്ത് 17 ശതമാനം (410 ലക്ഷം ടണ്‍) എണ്ണ വാങ്ങിയിരുന്നത് ഇറാനില്‍ നിന്നും വെനിസ്വേലയില്‍ നിന്നുമായിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം കാരണം ഈ രണ്ട് രാജ്യങ്ങളുമായുള്ള എണ്ണ ഇടപാട് ഇന്ത്യ നിര്‍ത്തിവെച്ചു. പകരം ഇറാഖ്, സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചു. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഒരിക്കല്‍ കൂടി ഇന്ത്യ മാറ്റം വരുത്തി. 2021-22ല്‍ റഷ്യയില്‍ നിന്ന് വാങ്ങിയത് 40 ലക്ഷം ടണ്‍ എണ്ണയായിരുന്നു. 2024-25ല്‍ അത് 870 ലക്ഷം ടണ്ണായി വര്‍ധിച്ചു. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത് റഷ്യയെ പ്രതിസന്ധിയിലാക്കി. എണ്ണ വില കുറച്ചു കൊണ്ട് പ്രതിസന്ധിയെ മറികടക്കാനുള്ള റഷ്യയുടെ തീരുമാനം ഇന്ത്യ ഉപയോഗപ്പെടുത്തി. ഇറാഖ്, സഊദി അറേബ്യ, യു എ ഇ എന്നീ മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ഇറക്കുമതിയില്‍ 11ഉം യു എസ്, ബ്രസീല്‍, കുവൈത്ത്, മെക്സിക്കോ, നൈജീരിയ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ 50 ശതമാനവും കുറവ് വരുത്തി. ലോക മാര്‍ക്കറ്റിലെ വിലയേക്കാള്‍ 10 മുതല്‍ 14 ശതമാനം വരെ വിലകുറച്ചാണ് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഇതുമൂലം പ്രതിമാസം 440 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ലഭിക്കുന്നുവെന്നാണ് കണക്ക്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി 1,960 ലക്ഷം ടണ്ണില്‍ നിന്ന് 2,440 ലക്ഷം ടണ്ണായി വര്‍ധിച്ചുവെങ്കിലും റഷ്യന്‍ എണ്ണയുടെ വിലക്കുറവ് കാരണം ഇന്ത്യ അധികഭാരം നേരിടുന്നില്ല. റഷ്യന്‍ എണ്ണയുടെ വിലക്കുറവ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ആഗോള എണ്ണവില പിടിച്ചുനിര്‍ത്താനും സഹായിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ അത് ആഗോളതലത്തില്‍എണ്ണവില ഉയരാന്‍ കാരണമായേക്കാം.
വില സ്ഥിരതയോടൊപ്പം റിഫൈനറി സൗഹൃദം എന്ന നിലക്കും റഷ്യന്‍ എണ്ണ ഇന്ത്യക്ക് ഏറെ ഗുണകരമാണെന്ന് ആഗോള മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ കൂടിയായ അജയ് ശ്രീവാസ്തവ പറയുന്നു. ഇന്ത്യയിലെ മിക്ക എണ്ണ ശുദ്ധീകരണ ശാലകളും റഷ്യയുടെ ‘യുറല്‍ ബ്ലെന്‍ഡ്’ പോലുള്ള ഘന അസംസ്‌കൃത എണ്ണ (ഉയര്‍ന്ന സാന്ദ്രതയുള്ള അസംസ്‌കൃത എണ്ണ)ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇവക്ക് പകരം അമേരിക്കന്‍ ലൈറ്റ് ഷെയ്ല്‍ ഓയില്‍ ഉപയോഗിക്കുമ്പോള്‍ ചിലവേറിയ മാറ്റങ്ങള്‍ ആവശ്യമായി വരും. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാല്‍ റഷ്യയുടെ സൗഹൃദം നഷ്ടപ്പെടുന്നതിനോടൊപ്പം അത് രാജ്യത്തിന് മേല്‍ വന്‍ സാമ്പത്തിക ബാധ്യത കെട്ടിവെക്കലുമായിരിക്കും.



