National
ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍; മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളില്‍
ദീപാവലിക്ക് നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാന്‍ കാരണം.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേതുടര്‍ന്നാണ് മലിനീകരണം കുറയ്ക്കാന്‍ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദീപാവലിക്ക് നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാന്‍ കാരണം. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ മന്ത്രിമാര്‍ക്കായി 15 എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.
മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പലയിടത്തും പാലിക്കപ്പെട്ടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും പടക്ക വിപണികളെല്ലാം സജീവമായിരുന്നു. കച്ചവടക്കാര്‍ക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നത് ഡല്‍ഹിയുടെ അന്തരീക്ഷം കൂടുതല്‍ മലിനമാകാന്‍ കാരണമായെന്നാണ് വിമര്‍ശനം. അതേസമയം മലിനീകരണം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികള്‍ വീട്ടില്‍ കഴിയണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.



