Connect with us

Kerala

ജയില്‍ കോഴ: ഡി ഐ ജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തെക്കന്‍ കേരളത്തിലെ ഒരു സബ് ജയില്‍ സൂപ്രണ്ടില്‍ നിന്ന് ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിന് തെളിവ് ലഭിച്ചതോടെ ഇന്നലെ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം | ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡി ഐ ജി വിനോദ് കുമാര്‍ കൂടുതല്‍ പേരില്‍ നിന്നു കൈക്കൂലി വാങ്ങി എന്നതിനു തെളിവുകള്‍ പുറത്ത്. തെക്കന്‍ കേരളത്തിലെ ഒരു സബ് ജയില്‍ സൂപ്രണ്ടില്‍ നിന്ന് ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിന് തെളിവ് ലഭിച്ചതോടെ ഇന്നലെ കേസെടുത്തു. വിരമിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കേയാണ് ഇദ്ദേഹം വിജിലന്‍സ് കേസില്‍ പ്രതിയാകുന്നത്.

പരോളിനും ജയിലില്‍ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാര്‍ തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. ഗൂഗിള്‍ പേ വഴിയാണ് കൊടി സുനിയുടെ അടുത്ത ബന്ധുവില്‍ നിന്ന് വിനോദ് കുമാര്‍ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡി ഐ ജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു.

പരോള്‍ നല്‍കാനും പരോള്‍ നീട്ടി നല്‍കാനും തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് പണപ്പിരിവ്, ജയിനുള്ളില്‍ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനും കൈക്കൂലി തുടങ്ങി ജയില്‍ ആസ്ഥാന ഡി ഐ ജി വിനോദ് കുമാറിന്റെ വഴിവിട്ട നടപടികള്‍ മാസങ്ങളായി വിജിലന്‍സ് നിരീക്ഷിച്ചുവരുകയായിരുന്നു. ജയില്‍ ആസ്ഥാന ഡി ഐ ജി സ്വാധീനമുപയോഗിച്ച് ജയില്‍ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതില്‍ വിജിലന്‍സിന് തെളിവ് ലഭിച്ചു. സ്ഥലംമാറ്റത്തിനും വിനോദ് കുമാര്‍ ജീവനക്കാരില്‍ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.

സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ സസ്‌പെന്‍ഷന്‍ നേരിട്ട ആളാണ് വിനോദ് കുമാര്‍. ടി പി കേസിലെ പ്രതികള്‍ക്ക് വിയ്യൂരില്‍ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്‌പെന്‍ഷന്‍. വകുപ്പതല അന്വേഷണങ്ങള്‍ പരിഗണിക്കാതെയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡി ഐ ജിയായ ഉയര്‍ത്തിയ വിനോദ് കുമാറിനെ ജയില്‍ ആസ്ഥാനത്ത് നിയമിച്ചു. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയില്‍ വീഴ്ച വരുത്തിയപ്പോഴും ഡി ഐ ജിയെ ജയില്‍ ആസ്ഥാനത്തുമാറ്റണമെന്ന് ജയില്‍ മേധാവിമാര്‍ ആഭ്യന്തരവകുപ്പിനോട് പല ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം ലഭിച്ചു എന്നാണ് വിവരം.

Latest