Kerala
ആദ്യ ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി
ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് തുടരും
കൊച്ചി| ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് തുടരും. രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പരിഗണിക്കുന്നത് മാറ്റിയിരുന്നു. ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചത്. മറുപടി നല്‍കാന്‍ സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കുമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും മാറ്റിവെച്ചിരുന്നു. ഡിസംബര്‍ 20ന് തിരുവനന്തപുരം സെഷന്‍സ് കോടതി അപേക്ഷ പരിഗണിക്കും. പീഡന പരാതിയില്‍ രണ്ടാം പ്രതിയായ ജോബി രാഹുലിന്റെ സുഹൃത്താണ്. പരാതിക്കാരിയായ യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് ജോബിയായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളുരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനായ ജോബി ജോസഫ് ഒളിവിലാണ്.



