Kerala
പാരഡി പാട്ടിനെതിരെ പരാതി നല്‍കിയ സമതിയുടെ അംഗീകാരം പരിശോധിക്കുവാന്‍ നിര്‍ദ്ദേശം
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഇത് സംബന്ധിച്ച് നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് രജിസ്‌ട്രേഷന്‍ ഐ ജി യ്ക്ക് അന്വേഷണത്തിന് കൈമാറി
പത്തനംതിട്ട | പോറ്റിയെ കേറ്റിയേ യെന്ന പാട്ടിനെതിരെ പരാതി നല്‍കിയ സമിതിയുടെ അംഗീകാരം പരിശോധിക്കുവാന്‍ നിര്‍ദ്ദേശം.ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മത വിശ്വാസികളില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പാരഡിപ്പാട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചുവെന്ന ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡിപ്പാട്ടിനെതിരെ പരാതി നല്‍കിയ പ്രസാദ് കുഴിക്കാല ജനറല്‍ സെക്രെട്ടറിയെന്ന് അവകാശപ്പെടുന്ന റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടെ ഔദ്യോഗിക അംഗീകാരത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതി പരിശോധിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഇത് സംബന്ധിച്ച് നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് രജിസ്‌ട്രേഷന്‍ ഐ ജി യ്ക്ക് അന്വേഷണത്തിന് കൈമാറി.
പോറ്റിയെ കേറ്റിയെ എന്ന പാട്ട് അയ്യപ്പ ഭക്തി ഗാനത്തെയും ശരണ മന്ത്രത്തെയും അപമാനിച്ചെന്നും മത സൗഹാര്‍ദ്ദം ഇല്ലാതാക്കും വിധത്തില്‍ സമൂഹത്തില്‍ സമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുമെന്നുമാണ് പ്രസാദ് കുഴിക്കാല ജനറല്‍ സെക്രെട്ടറിയായ സമിതിയുടെ പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് പാട്ടിന്റെ ഗാന രചയിതാവ് ജി പി കുഞ്ഞബ്ദുള്ള, ഗായകന്‍ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിര്‍മ്മാതാവ് പന്തല്ലൂര്‍ സുബൈര്‍ തുടങ്ങിയവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. പരാതിക്കാരന്റെ നിലപാട് സമിതിയ്ക്ക് ഇല്ലെന്ന് കാണിച്ച് ഇതേ പേരിലുള്ള മറ്റൊരു സമിതിയും രംഗത്ത് വന്നിരുന്നു. കേരള രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ മാനദണ്ഡപ്രകാരം ഒരേ പേരില്‍ രണ്ട് സമിതികള്‍ക്ക് രെജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. ഇതോടെ പ്രസാദ് കുഴിക്കാലയുടെ സമിതി അംഗീകാരമുള്ള സംഘടനയാണോയെന്ന് സംശയം പൊതു സമൂഹത്ത് ഉണ്ടായിരിക്കുകയാണ്. അതിനാല്‍ പ്രസാദ് ജനറല്‍ സെക്രെട്ടറിയെന്ന് അവകാശപ്പെടുന്ന റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടെ അംഗീകാരവും രെജിസ്‌ട്രേഷന്‍ നടപടികളും ഔദ്യോഗികമാണോയെന്ന് ഉറപ്പാക്കാന്‍ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്സിങ് ആവശ്യപ്പെടുന്നത്.




