Kerala
വി സി നിയമനത്തില്‍ ഒത്തു തീര്‍പ്പ്;സി പി എമ്മില്‍ അഭിപ്രായ ഭിന്നതയില്ല: ടി പി രാമകൃഷ്ണന്‍
വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. അതില്‍ മുഖ്യമന്ത്രി വിമര്‍ശിക്കപ്പെടുന്നു എന്ന വാര്‍ത്ത തെറ്റ്
തിരുവനന്തപുരം | ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ പേരില്‍ സി പി എമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്നും അതില്‍ മുഖ്യമന്ത്രി വിമര്‍ശിക്കപ്പെടുന്നു എന്ന വാര്‍ത്ത തെറ്റെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വളരെ ഗൗരവമുള്ളതാണ്. ഈ മേഖല കാലങ്ങളായി സംഘര്‍ഷഭരിതമായി മുന്നോട്ടുപോകുന്നത് വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകില്ല.
സര്‍വകലാശാലകളില്‍ ചില സാഹചര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അത് അവസാനിപ്പിക്കണം എന്ന നിലപാട് കോടതി ഉള്‍പ്പെടെ എടുത്തതാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പിലെത്തിയതെന്ന് ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു. ഇത് ഭരണപരമായ കാര്യമാണെന്നും അതിന്റെ പേരില്‍ അഭിപ്രായ ഭിന്നതയൊന്നും പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


