Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദ്വാരപാലക ശില്‍പ കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും ഇന്നു ജാമ്യത്തിനു ശ്രമിക്കുന്നുണ്ട്

Published

|

Last Updated

കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി ഇതാദ്യമായാണ് ജാമ്യനീക്കം നടത്തുന്നത്. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹര്‍ജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികളില്‍ ആര്‍ക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ദ്വാരപാലക ശില്‍പ കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും ഇന്നു ജാമ്യത്തിനു ശ്രമിക്കുന്നുണ്ട്. കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി നേരത്തെ തള്ളിയിരുന്നു. കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. കട്ടിളപാളിയില്‍ സ്വര്‍ണം പൊതിഞ്ഞതിന് രേഖകളില്ലെന്നായിരുന്നു ജാമ്യ ഹര്‍ജിയിലെ വാസുവിന്റെ പ്രധാന വാദം.

ഇക്കാര്യത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തോടും സര്‍ക്കാരിനോടും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും പ്രായാധിക്യത്തെ തുടര്‍ന്നുളള രോഗാവസ്ഥ കൂടി പരിഗണിക്കണമെന്നും വാസു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം, ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ജയശ്രീക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍, സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനാല്‍ ജയശ്രീ ഇന്ന് ഹാജരാകാനുള്ള സാധ്യതയില്ല. ശബരിമല സ്വര്‍ണക്കടത്തില്‍ അന്താരാഷ്ട്ര മാഫിയക്ക് ബന്ധമുണ്ടെന്ന വ്യവസായിയുടെ മൊഴിയില്‍ പ്രത്യേക സംഘം അന്വേഷണം സജീവമാക്കി.

പ്രാഥമിക അന്വേഷണത്തില്‍ പലതിലും കഴമ്പില്ലെന്ന വിലയിരുത്തലിലാണ് എസ് ഐ ടി.
സ്വര്‍ണ്ണക്കൊള്ളയില്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച അപേക്ഷയില്‍ നാളെ വിധി പറയും. എസ് ഐ ടിയുടെയും ഇ ഡിയുടെയും വാദം ഇന്നലെ വിജിലന്‍സ് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇ ഡിയുടെ നീക്കം.

 

Latest