Connect with us

Kerala

അതിജീവിതക്കെതിരെ വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയില്‍ അതിജീവിതയുടെ പേര് പരാമര്‍ശിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

കേസില്‍ വിധി വന്നതിന് പിന്നാലെയാണ് മാര്‍ട്ടിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചത്. നിലവില്‍ കേസിലെ പ്രതിയായ മാര്‍ട്ടിന്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷാതടവുകാരനാണ്.മാര്‍ട്ടിന്‍ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന.

വീഡിയോ പങ്കുവച്ച നവമാധ്യമങ്ങളിലെ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയുടെ 27 ലിങ്കുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിജീവിതയുടെ പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ ഐ ടി നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 

---- facebook comment plugin here -----

Latest