Uae
ദുബൈയില്‍ ഒഴുകി നടക്കുന്ന മ്യൂസിയം ഒരുങ്ങുന്നു
ദുബൈ ആര്‍ട്‌സ് മ്യൂസിയം ലോകോത്തര കലാസാംസ്‌കാരിക കേന്ദ്രമാകും.
ദുബൈ | ദുബൈയില്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്ന പുതിയ സാംസ്‌കാരിക കേന്ദ്രം വരുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ‘ദുബൈ ആര്‍ട്‌സ് മ്യൂസിയം (ഡ്യൂമ)’ എന്ന ഐക്കോണിക് ലാന്‍ഡ്മാര്‍ക്ക് പ്രഖ്യാപിച്ചത്.
ദുബൈ ക്രീക്കിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് മ്യൂസിയം സംവിധാനിക്കുക. ഒരു വാസ്തുവിദ്യാ വിസ്മയമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ മ്യൂസിയം, ദുബൈയുടെ സാംസ്‌കാരിക മനോഭാവവും കലാപരമായ വ്യക്തിത്വവും ഉള്‍ക്കൊണ്ടു കൊണ്ടാണ് നിര്‍മിക്കുക.
‘ദുബൈയുടെ പുതിയ ഐക്കോണിക് ലാന്‍ഡ്മാര്‍ക്കായ ദുബൈ ആര്‍ട്‌സ് മ്യൂസിയം ആരംഭിക്കുന്നതിന് സാക്ഷ്യം വഹിച്ചു. ക്രീക്കിലെ വെള്ളത്തില്‍ ഒഴുകിനടക്കുന്ന ഈ മ്യൂസിയം, നഗരത്തിന്റെ പ്രൗഢി വര്‍ധിപ്പിക്കുകയും ദുബൈയുടെ സാംസ്‌കാരിക മനോഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യും. അതിന്റെ കലാപരമായ കണ്ണാടിയായി വര്‍ത്തിക്കും. ഇത് നഗരത്തിന്റെ ആകാശരേഖയ്ക്ക് പുതിയ വാസ്തുവിദ്യാ സൗന്ദര്യം നല്‍കും.’ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ലോകപ്രശസ്ത ജാപ്പനീസ് ആര്‍ക്കിടെക്റ്റായ ടഡാവോ ആന്‍ഡോ രൂപകല്‍പ്പന ചെയ്ത മ്യൂസിയത്തിന്റെ ഡിസൈനുകള്‍ അദ്ദേഹം അവലോകനം ചെയ്തു. പ്രോജക്റ്റ് വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച അബ്ദുല്ല അല്‍ ഫുത്തൈമിനെയും മകന്‍ ഉമര്‍ അല്‍ ഫുത്തൈമിനെയും അദ്ദേഹം അഭിനന്ദിച്ചു.
നഗരങ്ങളെ നിര്‍വചിക്കുന്നത് സംസ്‌കാരവും കലയുമാണ്, ശക്തമായ സമ്പദ് വ്യവസ്ഥയിലൂടെ അവ വളരുകയും ചെയ്യും. സ്വകാര്യ മേഖല ഉത്തരവാദിത്തത്തോടെ പൊതുമേഖലയുമായി സഹകരിക്കുമ്പോള്‍ അവക്ക് സുസ്ഥിരത കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.





