National
ഇൻഡോറിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ കയറിപ്പിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
റാഡിസൺ ബ്ലൂ ഹോട്ടലിൽ ടീമിനൊപ്പം താമസിച്ചിരുന്ന രണ്ട് ക്രിക്കറ്റ് താരങ്ങൾ ഖജ്രാന റോഡ് ഏരിയയിലെ, അടുത്തുള്ള ഒരു കഫേയിലേക്ക് നടക്കാൻ പോയപ്പോഴായിരുന്നു സംഭവം.
പ്രതീകാത്മക ചിത്രം
ഇൻഡോർ | ഐ സി സി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളോട് അപമര്യാദയായി പെരുമാറിയ മോട്ടോർ ബൈക്ക് യാത്രികൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. താരങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അഖീൽ ഖാൻ എന്നയാളെയാണ് മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തത്.
റാഡിസൺ ബ്ലൂ ഹോട്ടലിൽ ടീമിനൊപ്പം താമസിച്ചിരുന്ന രണ്ട് ക്രിക്കറ്റ് താരങ്ങൾ ഖജ്രാന റോഡ് ഏരിയയിലെ, അടുത്തുള്ള ഒരു കഫേയിലേക്ക് നടക്കാൻ പോയപ്പോഴായിരുന്നു സംഭവം. മോട്ടോർ ബൈക്കിൽ വന്ന ഒരാൾ ഇവരെ പിന്തുടരുകയും താരങ്ങളിൽ ഒരാളെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ ബൈക്ക് വേഗത്തിൽ ഓടിച്ചുപോയതായി പോലീസ് സബ് ഇൻസ്പെക്ടർ നിധി രഘുവൻഷി പറഞ്ഞു.
താരങ്ങൾ ഉടൻ തന്നെ ടീമിന്റെ സുരക്ഷാ മാനേജരായ ഡാനി സിമ്മൺസുമായി ബന്ധപ്പെട്ടു. അദ്ദേഹം പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് സഹായത്തിനായി ഒരു വാഹനം എത്തിച്ചു. ടീമിന്റെ അലർട്ട് സിസ്റ്റം വഴി ഒരു എസ് ഒ എസ് ട്രിഗർ ചെയ്യുകയും പോലീസിന്റെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.ാ
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ഹിമാനി മിശ്ര പിന്നീട് താരങ്ങളെ കണ്ട് മൊഴിയെടുത്തു. ശേഷം ഭാരതീയ ന്യായ സംഹിത (ബി എൻ എസ്.) സെക്ഷൻ 74 (ഒരു സ്ത്രീയുടെ മാനം ഭംഗപ്പെടുത്തുന്നതിന് ക്രിമിനൽ ബലം പ്രയോഗിക്കൽ), 78 (പിന്തുടരൽ) എന്നിവ പ്രകാരം എം ഐ ജി. പോലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു.
സംഭവത്തിന് സാക്ഷിയായ ഒരാൾ മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പർ കുറിച്ചെടുത്തത് പ്രതിയെ വേഗത്തിൽ തിരിച്ചറിയാനും പിടികൂടാനും അധികാരികളെ സഹായിച്ചതായി പോലീസ് പറഞ്ഞു. ഖാനെതിരെ മുൻപും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഓഫീസർ രഘുവൻഷി പറഞ്ഞു.
ലോകകപ്പിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ പ്രധാന മത്സരം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് സംഭവം. ടീം ഒരാഴ്ച മുൻപ് ഇൻഡോറിൽ എത്തുകയും ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം കളിക്കുകയും ചെയ്തിരുന്നു.



