Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അപ്പീല്‍ പരിഗണിക്കുക ക്രിസ്തുമസ് അവധിക്കുശേഷം; ആദ്യ കേസില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും
പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശമുണ്ട്.
കൊച്ചി|രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ അപ്പീല്‍ പരിഗണിക്കുക ക്രിസ്തുമസ് അവധിക്കുശേഷം. ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതിയാണ് അറിയിച്ചത്. മറുപടി നല്‍കാന്‍ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചത്.
അതേസമയം ആദ്യത്തെ ബലാത്സംഗ കേസില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ആദ്യത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹരജിയിലാണ് വാദം കേള്‍ക്കുക. ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. ഹരജി അല്‍പ്പസമയത്തിനകം പരിഗണിക്കും.
പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശമുണ്ട്. ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലില്‍ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവ് പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ മാറ്റിവച്ചത്.


