Kerala
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല, ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും വീണ്ടും കസ്റ്റഡിയില്‍
കൊല്ലം വിജിലന്‍സ് കോടതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്.
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ ജാമ്യം തള്ളി കോടതി. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതിയാണ് തള്ളിയത്. സ്വര്‍ണ പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
കട്ടിളപ്പാളി കേസിലും ദ്വാരപലക കേസിലും മുരാരി ബാബു പ്രതിയാണ്. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ തീരുമാനംഅനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ വാദം. എന്നാല്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതിലെ ഗൂഡാലോചനയില്‍ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യവും കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു.


