Kerala
വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്പില്‍ കാഴ്ചവെക്കരുത്; ലീഗിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ സെയ്തലവി മജീദിനെതിരെ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രചാരണം നടത്തിയിരുന്നു.
മലപ്പുറം| തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ വനിതാ ലീഗ് നേതാക്കള്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഐഎം നേതാവ് സെയ്തലവി മജീദ്. വോട്ടിന് വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുതെന്നാണ് എല്‍ഡിഎഫ് മുന്‍ ലോക്കല്‍ സെക്രട്ടറി കെ വി മജീദിന്റെ പരാമര്‍ശം. മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ചതിന് പിന്നാലെയായിരുന്നു സെയ്തലവി മജീദിന്റെ സ്ത്രീ വിരുദ്ധ പ്രസംഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് മജീദിന്റെ വിവാദ പരാമര്‍ശങ്ങള്‍.
അന്യ ആണുങ്ങളുടെ മുമ്പില്‍ പോയി നിസ്സാര വോട്ടിനു വേണ്ടി, സെയ്തലവി മജീദിനെ തോല്‍പ്പിക്കുന്നതിനു വേണ്ടി, ഏതെങ്കിലും വാര്‍ഡ് പിടിച്ചെടുക്കുന്നതിനു വേണ്ടി, കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുപോയി കാഴ്ചവെക്കാനുള്ളതല്ല എന്ന് ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്. ഞങ്ങളൊക്കെ മക്കളെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ ഞങ്ങളുടെ വീട്ടിലുണ്ട്. അതൊക്കെ മക്കളുടെ കൂടെ അന്തിയുറങ്ങാനും, ഭര്‍ത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനുമാണ് എന്നാണ് സെയ്തലവി പ്രസംഗത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് വിജയിച്ചതിന്റെ ആഹ്ലാദ റാലിയിലാണ് സെയ്തലവിയുടെ പ്രസംഗം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സെയ്തലവി മജീദിനെതിരെ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രചാരണം നടത്തിയിരുന്നു. ഇതാണ് സെയ്തലവി മജീദിനെ ചൊടിപ്പിച്ചത്.


