Kerala
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന്റെ മൊഴിയില്‍ പൊരുത്തക്കേട്; വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി
2019-25 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍ വര്‍ധനയുണ്ടായെന്ന നിഗമനത്തിലാണ് ഇ ഡി.
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും ചോദ്യം ചെയ്യും. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
2019-25 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍ വര്‍ധനയുണ്ടായെന്ന നിഗമനത്തിലാണ് ഇ ഡി. 2021ല്‍ വീട് നിര്‍മിച്ചതിലെ പണത്തിന്റെ ഉറവിടം ഇ ഡി അന്വേഷിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായും വിവരങ്ങളുണ്ട്. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും സൂചനയുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് മുരാരി ബാബുവിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നും പറയുന്നു. ഇന്നലെ മുരാരി ബാബുവിനെ ഇ ഡി എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച കാര്യങ്ങളിലെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. അനധികൃതമായി പണം സമ്പാദിച്ചിട്ടില്ലെന്ന മൊഴി ഇ ഡി കണക്കിലെടുത്തിട്ടില്ല. കേസില്‍ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യും.

