Kerala
'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്, കനത്ത സുരക്ഷ
സി പി എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയത്.
കണ്ണൂര്‍ | സി പി എം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പയ്യന്നൂരില്‍ പ്രകാശനം ചെയ്യും. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വൈകിട്ട് നാലിന് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ജോസഫ് സി മാത്യു, എം എന്‍ വിജയന്റെ മകന്‍ ഡോ. വി എസ് അനില്‍കുമാറിന് നല്‍കിയാണ് പ്രകാശനം നടത്തുക.
ഹൈക്കോടതി നിര്‍ദേശ പ്രകാരം ചടങ്ങിന് കനത്ത പോലീസ് സംരക്ഷണമുണ്ടാകും. സി പി എം പ്രവര്‍ത്തകര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞികൃഷ്ണന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സി പി എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയത്. ധനരാജ് രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടന്ന സാമ്പത്തിക തിരിമറി സംബന്ധിച്ച വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് വിവരം. ടി ഐ മധുസൂദനന്‍ എം എല്‍ എക്കെതിരായ ഗുരുതര പരാമര്‍ശങ്ങള്‍, പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങിയവയെ കുറിച്ചും കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

