Kerala
നവീന്‍ ബാബുവിന്റെ മരണം: 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബത്തിന്റെ ഹരജി
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയും നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ടി വി പ്രശാന്തനുമാണ് എതിര്‍ കക്ഷികള്‍.
പത്തനംതിട്ട | കണ്ണൂര്‍ മുന്‍ എ ഡി എം. കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം. ഇതുസംബന്ധിച്ച് പത്തനംതിട്ട സബ് കോടതിയില്‍ ഹരജി നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയും നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ടി വി പ്രശാന്തനുമാണ് എതിര്‍ കക്ഷികള്‍. ഇരുവര്‍ക്കും കോടതി നോട്ടീസ് അയച്ചു. ഹരജി അടുത്ത മാസം 11ന് പരിഗണിക്കും.
നവീന്‍ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപോര്‍ട്ടും വിജിലന്‍സ് റിപോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചുവെന്നു പറയുന്ന പരാതി ആ ഓഫീസില്‍ കിട്ടിയിട്ടില്ലെന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ അജിത്ത് പ്രഭാവ് മുഖാന്തരമാണ് ഹരജി ഫയല്‍ ചെയ്തിട്ടുള്ളത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം കണ്ണൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി, നവീന്റെ ഭാര്യ മഞ്ജുഷയും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിക്ക് രക്ഷപ്പെടാന്‍ ഉതകുന്ന സാക്ഷിമൊഴികള്‍ കുറ്റപത്രത്തിലുണ്ടെന്നത് ഹരജിയില്‍ ഉന്നയിച്ചിരുന്നു. ഈഹര്‍ജി ഡിസംബറില്‍ സെഷന്‍സ് കോടതി പരിഗണിക്കും.
2024 ഒക്ടോബര്‍ 15-നാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ തലേദിവസം കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ കടന്നുവന്ന് അപകീര്‍ത്തി പ്രസംഗം നടത്തിയെന്നതാണ് ദിവ്യക്കെതിരായ ആരോപണം.





