Uae
യു എ ഇയില്‍ തൊഴില്‍ കരാര്‍ റെസിഡന്‍സി പെര്‍മിറ്റ് തീയതികള്‍ ഏകീകരിച്ചേക്കും
വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്.
അബൂദബി | തൊഴില്‍ കരാറുകളുടെയും റെസിഡന്‍സി പെര്‍മിറ്റുകളുടെയും തീയതികള്‍ ഏകീകരിക്കുന്നത് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്‌റെ) ചര്‍ച്ച ചെയ്തു. നടപടിക്രമങ്ങള്‍ ലളിതമാക്കാനും സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ‘സീറോ ബ്യൂറോക്രസി’ പരിപാടിയുടെ ഭാഗമായി മന്ത്രാലയത്തിന്റെ കസ്റ്റമര്‍ കൗണ്‍സിലിന്റെ സെഷനിലാണ് ഇത്തരമൊരു ആശയം ചര്‍ച്ച ചെയ്തത്.
സ്വകാര്യ മേഖലയിലെ കമ്പനികളിലെ ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള ‘ബിസിനസ് പാക്കേജ് സര്‍വീസസ്’ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും മന്ത്രാലയം ചര്‍ച്ച ചെയ്തു. യു എ ഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കായുള്ള എച്ച് ആര്‍, ബിസിനസ് മാനേജ്‌മെന്റ് പ്രക്രിയകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സമഗ്ര ഡിജിറ്റല്‍ സംവിധാനമായ ‘വര്‍ക്ക് പാക്കേജ്’ പ്ലാറ്റ്‌ഫോം വഴിയാണ് ഇത് സാധ്യമാക്കുക.
വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് സംബന്ധിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചില ക്രിമിനല്‍ ഗ്രൂപ്പുകള്‍ പണം തട്ടാനായി വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍, കരാറുകള്‍, റെസിഡന്‍സി രേഖകള്‍ എന്നിവയിലൂടെ ഉദ്യോഗാര്‍ഥികളെ ലക്ഷ്യമിടുന്നതായി മന്ത്രാലയം പറഞ്ഞു. മൊഹ്‌റെ വെബ്‌സൈറ്റിലെ അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്‍ക്വയറി വഴി തൊഴില്‍ ഓഫര്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടു.




