National
പി എം ശ്രീ പദ്ധതിയില്‍ ചേര്‍ന്നതുകൊണ്ട് കേരളം എന്‍ ഇ പി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല; കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി
വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലാണെന്നും അതിനാല്‍ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാമെന്നും അദ്ദേഹം വിശദമാക്കി
ന്യൂഡല്‍ഹി | കേരളം പി എം ശ്രീ പദ്ധതിയില്‍ ചേര്‍ന്നതുകൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ എന്‍ ഇ പി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലാണെന്നും അതിനാല്‍ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാമെന്നും അദ്ദേഹം വിശദമാക്കി.
എന്‍ ഇ പി നയം ഒരു മാതൃക മാത്രമാണ്. ദേശീയ തലത്തില്‍ ഏകീകരണം വേണം എന്നതാണ് കേന്ദ്രത്തിന്റെ താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അനുഭവം മറ്റു സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടാന്‍ ഇത് ഉപകരിക്കും. പി എം ശ്രീയില്‍ കേരളം ഒപ്പുവെച്ചതില്‍ സന്തോഷമുണ്ട്. സ്‌കൂളുകളുടെ നിലവാരവും സൗകര്യം ഉയര്‍ത്താന്‍ ഇത് ഇടയാക്കും. പി എം ശ്രീയില്‍ കേരളത്തെ പോലൊരു സംസ്ഥാനം എത്തിയത് വലിയ നേട്ടാണെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.
കേരള വിദ്യാഭ്യാസ മന്ത്രി നല്‍കുന്ന വിശദീകരണം തന്നെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയും പറയുന്നത്. പി എം ശ്രീയില്‍ ഒപ്പുവച്ചതിനെതിരെ പരസ്യമായ വിമര്‍ശനം നടത്തുന്ന സി പി ഐ നേതാക്കളുമായുള്ള ചര്‍ച്ചയിലും വിദ്യാഭ്യാസ മന്ത്രി ഈ ഉറപ്പാണ് നല്‍കിയതെന്നാണ് വിവരം. ഒരു തരത്തിലും വര്‍ഗീയ അജണ്ട നടപ്പാക്കുന്ന ആര്‍ എസ് എസ് താല്‍പര്യ പ്രകാരമുള്ള പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കില്ലെന്ന ഉറപ്പാണ് കേരള സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ പി എം ശ്രീയില്‍ ഒപ്പിട്ടതിന്റെ പേരില്‍ കേരള സര്‍ക്കാറിനെതിരെ സംഘപരിവാറിനു കീഴടങ്ങിയെന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.



