Connect with us

Kerala

മെസ്സി കേരളത്തിലേക്ക് ഉടൻ വരില്ല; നവംബറിലെ മത്സരം മാറ്റിവെച്ചതായി സ്പോൺസർ

കാരണം ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസമെന്ന് ആന്റോ അഗസ്റ്റിൻ

Published

|

Last Updated

കൊച്ചി | അർജന്റീനൻ ഫുട്‌ബോൾ ടീമിന്റെ നായകൻ ലയണൽ മെസ്സി കേരളത്തിൽ കളിക്കാനായി ഈ നവംബറിൽ എത്തില്ലെന്ന് സ്ഥിരീകരിച്ചു. നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം മാറ്റിവെച്ചതായി സ്പോൺസറും, റിപ്പോർട്ടർ ടിവി ചാനൽ ഉടമയുമായ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

“ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എ എഫ് എയുമായുള്ള (അർജന്റീന ഫുട്ബോൾ അസോസിയേഷൻ) ചർച്ചയിൽ ധാരണയായി. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിലായിരിക്കും” – അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനൻ ടീം സൗഹൃദ മത്സരത്തിനായി കേരളത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ നീക്കത്തിന് ചുക്കാൻ പിടിച്ചിരുന്നത് സ്പോൺസറും റിപ്പോർട്ടർ ചാനൽ ഉടമയുമായ ആന്റോ അഗസ്റ്റിനായിരുന്നു. നവംബർ 10-നും 25-നും ഇടയിൽ മത്സരം നടത്താൻ ആലോചിക്കുന്നതായും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു.

മെസ്സിയുടെ ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചർച്ചകൾ നടന്നുവരികയായിരുന്നു. ടീമിനെ എത്തിക്കുന്നതിന് ചില സാമ്പത്തിക വെല്ലുവിളികൾ ഉണ്ടെങ്കിലും സംസ്ഥാന സർക്കാരും കായിക മന്ത്രിയും വലിയ പിന്തുണ നൽകിയിരുന്നതായി സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.

Latest