Connect with us

National

സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ എത്തിയില്ല

മലയാളികളില്‍ എത്തിയത് ഗായകന്‍ എം ജയചന്ദ്രന്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദങ്ങള്‍ക്കിടെ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എത്തിയില്ല. എച്ച് ആര്‍ ഡി എസ് ഇന്ത്യയുടെ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട മലയാളികളില്‍ എത്തിയത് ഗായകന്‍ എം ജയചന്ദ്രന്‍ മാത്രം.

ശശി തരൂര്‍, വി മുരളീധരന്‍, റിട്ട. ഡി ജി പി ജേക്കബ് തോമസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മറ്റ് മലയാളികള്‍. ഇവര്‍ ആരും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയില്ല. പുരസ്‌കാരം സമര്‍പ്പിക്കേണ്ടിയിരുന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങും ചടങ്ങില്‍ പങ്കെടുത്തില്ല.

ഡല്‍ഹിയിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ശശി തരൂര്‍ എം പിക്ക് സവര്‍ക്കര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലെ നയതന്ത്ര യാത്രയിലടക്കം പങ്കെടുത്തത് പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു പുരസ്‌കാരത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് തരൂര്‍ പറയുന്നത്.

അവാര്‍ഡിന്റെ സ്വഭാവം എന്തെന്നോ തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാല്‍ ഈ അവാര്‍ഡ് വാങ്ങുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചിരുന്നു. എന്നാല്‍, ഒരു മാസം മുന്‍പ് തരൂരിനെ നേരിട്ട് കണ്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങാമെന്ന് സമ്മതിച്ചതാണെന്നും എച്ച് ആര്‍ ഡി എസ് പ്രതികരിച്ചു. ഡല്‍ഹിയിലെ വസതിയിലെത്തിയാണ് വിളിച്ചത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും തരൂരിനെ ആക്രമിക്കാന്‍ ഇല്ലെന്നും എച്ച് ആര്‍ ഡി എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest